5ജി:സ്‌പെക്ട്രം വില്‍പനയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

First Published Aug 1, 2018, 7:32 PM IST
Highlights

5ജിയില്‍ കുത്തകവത്കരണം ഒഴിവാക്കാന്‍ ഒരു മൊബൈല്‍ സേവനദാതാവിന് ഉപയോഗിക്കാവുന്ന സെപ്ക്ട്രം പരിധി നൂറ് മെഗാഹെര്‍ട്‌സായി നിജ്ജപ്പെടുത്തമെന്ന് ട്രായ് ശുപാര്‍ശ

ദില്ലി: രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിയായുള്ള സ്‌പെക്ട്രം ലേലത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ട്രായ് പുറപ്പെടുവിച്ചു. സ്‌പെക്രടത്തിന്റെ അടിസ്ഥാന ലേലവിലയടക്കമുള്ള കാര്യങ്ങളിലാണ് ട്രായ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 700,800,900,1800,2100,2300,2500,3300-3400,3400-3600 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണ് ലേലത്തില്‍ വില്‍ക്കുക. 

1800 ഹെര്‍ട്‌സ് ബാന്‍ഡ് ലേലത്തില്‍ 3285 രൂപയാണ് മെഗാഹെര്‍ട്‌സിനുള്ള വിലയായി നിശ്ചയിച്ചിരിക്കുന്നത്. 5ജിയില്‍ കുത്തകവത്കരണം ഒഴിവാക്കാന്‍ ഒരു മൊബൈല്‍ സേവനദാതാവിന് ഉപയോഗിക്കാവുന്ന സെപ്ക്ട്രം പരിധി നൂറ് മെഗാഹെര്‍ട്‌സായി നിജ്ജപ്പെടുത്തമെന്ന് ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 5ജി സേവനത്തിനായി 3300-3600 മെഗാഹര്‍ട്‌സ് ബാന്‍ഡാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. 20 മെഗാഹെര്‍ട്‌സ് ബ്ലോക്ക് സൈസില്‍ ഉള്‍പ്പെടുത്തി വേണം ഇവയുടെ ലേലമെന്നും ട്രായ് നിര്‍ദേശിക്കുന്നു. 

2019 അവസാനത്തോടെ രാജ്യമെമ്പാടും 5ജി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ എന്ന ട്രായിയും കേന്ദ്ര ടെലികോം മന്ത്രാലയവും മുന്‍പോട്ട് പോകുന്നത്. 2016-ലെ ലേലത്തില്‍ വിറ്റൊഴിയാതെ പോയ സ്‌പെക്ട്രം വിലകുറച്ചു വില്‍ക്കണമെന്നും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കടുത്ത മത്സരത്തെ തുടര്‍ന്ന് പ്രതിസന്ധിയെ നേരിടുന്ന ഇന്ത്യയിലെ ടെലികോം കമ്പനികള്‍ വില കുറയ്ക്കണമെന്ന ആവശ്യം ഇതിനോടകം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 2016-ല്‍ 2354.55 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം 5.63 ലക്ഷം കോടി രൂപയ്ക്കാണ് വിറ്റത്. 


 

click me!