
പൊന്മുടി: ആഭ്യന്തര സഞ്ചാരികൾ ഏറെ എത്താറുണ്ടെങ്കിലും വിദേശ സഞ്ചാരികളെ ആകർഷിക്കാൻ പാടുപെടുകയാണ് തിരുവനന്തപുരത്തെ പൊൻമുടി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും വൈവിധ്യവത്കരണത്തിലൂടെയും സ്ഥിതിക്ക് മാറ്റം വരുത്താൻ കെടിഡിസി ശ്രമിക്കുമ്പോഴാണ് നിരന്തരം ഉണ്ടാവുന്ന ഹർത്താലുകൾ വില്ലനാവുന്നത്.
മലനിരയെ മഞ്ഞ് മൂടുന്ന പ്രഭാതവും സന്ധ്യയും പൊൻമുടിയുടെ സൗന്ദര്യമാണ്. കടൽ തീരത്ത് നിന്ന് വെറും 60 മീറ്റർ സഞ്ചരിച്ചാൽ പൊൻമുടിയുടെ 1100 മീറ്റർ തലയെടുപ്പിലെത്താം. മീൻമുട്ടി വെള്ളച്ചാട്ടവും കല്ലാറും പേപ്പാറ ഡാമുമെല്ലാമായി വഴി മധ്യേയും കാഴ്ചകളുണ്ട്.
കെടിഡിസിയുടെ കണക്കു പ്രകാരം പൊൻമുടിയിൽ നിന്നുള്ള വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് ഉണ്ടായത്. ആഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് നഷ്ടം കൂടുതൽ. വനം വകുപ്പിന്‍റെ കണക്കിലും ഈ കുറവ് കാണാം.
ഓണത്തിന് 60 ശതമാനത്തിലധികം സഞ്ചാരികൾ ഇത്തവണ കുറഞ്ഞു. വിദേശ സഞ്ചാരികൾ വരുന്നത് നാമമാത്രമായി. നവംബറോടെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം പഴയപടി ആയി വരികയായിരുന്നു. അപ്പോഴേക്കും ഹർത്താലുകൾ ഒന്നിന് പുറകെ ഒന്നായെത്തി.
പ്രളയം വരുത്തിയ നഷ്ടത്തിനൊപ്പം ഹർത്താലുകളഉം പണിമുടക്കും സംസ്ഥാനത്തെ ടൂറിസം രംഗത്തെ ആകെ ബാധിച്ചതിന്‍റെ പ്രതിഫലനം പൊൻമുടിയിലും കാണാം. തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ് കെടിഡിസി. പൊൻമുടിയിൽ 15 പുതിയ കോട്ടേജുകൾ കെടിഡിസി സ്ഥാപിച്ചത് കഴിഞ്ഞ മാസമാണ്. സഞ്ചാരികളെ മടക്കികൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കിടെയാണ് ഹർത്താലുകൾ വില്ലനായി എത്തുന്നത്.
ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശികളെയും ആകർഷിക്കാനുള്ള ഒരുക്കങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നു. ട്രെക്കിംഗും സൈക്ലിംഗും അടക്കം കൂടുതൽ വൈവിധ്യങ്ങൾ ഒരുക്കിയും കോട്ടേജുകൾക്ക് നിരക്ക് കുറച്ചും പ്രതിസന്ധിയെ നേരിടുകയാണ് കെടിഡിസി.