
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാദേശിക ടൂറിസം സംരംഭങ്ങളെ വളര്‍ത്തിയെടുക്കാനുളള പെപ്പര്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായി പെപ്പർ പദ്ധതിയുടെ രണ്ടാം ഘട്ടം 12 പഞ്ചായത്തുകളിൽ ഈ മാസം തുടങ്ങും. പദ്ധതിക്കായി പ്രാദേശിക ടൂറിസം വിവരങ്ങൾ ലഭ്യമാക്കുന്ന ഇ ബ്രോഷർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തിറക്കി.
വൈക്കം താലൂക്കിൽ വൻ വിജയമായതോടെയാണ് പെപ്പർ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഗ്രാമസഭകൾ ചേർന്ന് പ്രാദേശിക ടൂറിസം സാധ്യതകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കര്‍ഷകര്‍, കരകൗശല നിര്‍മാതാക്കള്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ വിനോദ സഞ്ചാരമേഖലയിൽ സാധ്യതയുള്ളവർക്കെല്ലാം വിദഗ്ദ ഉപദേശവും സഹായങ്ങളും ടൂറിസം വകുപ്പ് നൽകും. സഞ്ചാരികളെ കൂടുതലായി ഇത്തരം പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്കെത്തിക്കാനാണ് ഇ ബ്രോഷറും ടൂറിസം വകുപ്പ് പുറത്തിറക്കിയത്.
ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ കീഴിൽ 2017 ഓഗസ്റ്റ് മുതല്‍ 2018 ഒക്ടോബര്‍ വരെ 11532 ചെറുകിട സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. ഇതിലൂടെ ടൂറിസം മേഖലയിലേക്ക് അഞ്ച് കോടിയിലേറെ രൂപ എത്തി. 30,422 വിനോദസഞ്ചാരികള്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ എത്തി. 48 ലക്ഷം രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികള്‍ക്ക് ലഭിച്ചുവെന്നും ടൂറിസം വകുപ്പ് പറയുന്നു. പ്രാദേശിക യൂണിറ്റുകൾ വിജയകരമായി നടത്തുന്നവരെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു.