ഐഎംഎഫ് നേതൃസ്ഥാനത്തെത്തുന്ന ആദ്യ മലയാളി; ആരാണ് ഗീത ഗോപിനാഥ്?

By Web TeamFirst Published Oct 2, 2018, 3:42 PM IST
Highlights

2001 ല്‍ ചിക്കാഗോ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മാറി.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര പ്രഫസറുമാണ് ഗീത.

ചീഫ് ഇക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്‍റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടാവും. അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തു.

മൈസൂരുവില്‍ നിന്ന് ഹാര്‍വഡിലേക്ക്

അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഗീത ഗോപിനാഥിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മൈസൂരുവിലായിരുന്നു. ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ഓണേഴ്സ് ബിരുദവും, ദില്ലി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വ്വകാലശാലയില്‍ നിന്നുമായി എംഎ ബിരുദവും കരസ്ഥമാക്കിയ ഗീത. പ്രിസ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 

2001 ല്‍ ചിക്കാഗോ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മാറി. 

പുതിയ പദവികള്‍

അമേരിക്കന്‍ ഇക്കണോമിക് റിവ്യൂവിന്‍റെ സഹ എഡിറ്ററും, യുഎസ്സിന്‍റെ ദേശീയ സാമ്പത്തിക ഗവേഷണ ബ്യൂറോയുടെ സഹ ഡയറക്ടറായും ഗീത സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റ് കെന്നറ്റ് റോഗോഫിനോടെപ്പം ചേര്‍ന്ന് നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക ഹാന്‍ഡ് ബുക്ക് തയ്യാറാക്കിയതും ഗീതയാണ്. 

കണ്ണൂര്‍ സ്വദേശിയായ കാര്‍ഷിക സംരംഭകനായ ടി വി ഗോപിനാഥിന്‍റെയും അദ്ധ്യാപിക വിജയ ലക്ഷ്മിയുടെയും മകളാണ് ഗീത ഗോപിനാഥ്. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്ഫീല്‍ഡ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അവരെത്തുന്നത്. ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന ലാഗ്രേഡ് ഗീതയെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണിവ.   

"ബുദ്ധിപരമായ നേതൃത്വത്തിന്റെ തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോർഡിന് ഉടമയാണ് ഗീത, വിപുലമായ അന്തർദേശീയ അനുഭവങ്ങൾ കൊണ്ട് ലോകത്തിലെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളും".

click me!