Latest Videos

ശമ്പളക്കാരിയായിട്ടും ഇതുവരെ നിക്ഷേപം തുടങ്ങിയില്ലേ; ഇതാ മികച്ച അഞ്ചു നിക്ഷേപമാർഗങ്ങൾ

By Web TeamFirst Published Jul 6, 2023, 6:19 PM IST
Highlights

ഒരു സാമ്പത്തിക ആസൂത്രകന്റെ വൈദഗ്ധ്യത്തോടെ ചിട്ടയോടെ കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഉള്ള  വീടുകളും നിരവധിയുണ്ട്. എന്നാൽ വീട്ടിലെ ഈ 'ധനകാര്യമന്ത്രി'യ്ക്ക്  ജോലിയുണ്ടെങ്കിൽ ക്കൂടി സ്വന്തമായി  നിക്ഷേപമോ ഉണ്ടാകാറുണ്ടോ?

രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. എങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ഇന്നും താരതമ്യേന കുറവ് തന്നെയാണ്. വരവും ചെലവും കണക്കാക്കി, ഒരു സാമ്പത്തിക ആസൂത്രകന്റെ വൈദഗ്ധ്യത്തോടെ ചിട്ടയോടെ കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഉള്ള  വീടുകളും നിരവധിയുണ്ട്. എന്നാൽ വീട്ടിലെ ഈ 'ധനകാര്യമന്ത്രി'യ്ക്ക്  ജോലിയുണ്ടെങ്കിൽ ക്കൂടി സ്വന്തമായി  നിക്ഷേപമോ ഉണ്ടാകാറുണ്ടോ? ഭൂരിഭാഗത്തിനും ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. തിരക്കുകൾക്കിടയിൽ പലരും നിക്ഷേപങ്ങളെക്കുറിച്ച് അറിയാനോ, സ്കീമുകളിൽ അംഗമാകാനോ പോലും മടികാണിക്കും. ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെങ്കിൽ സാമ്പത്തികസ്വാതന്ത്ര്യം കൂടിയേ തീരു. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം.

എൻപിഎസ്

റിട്ടയർമെന്റ് നിക്ഷേപമാർഗമായി കൂടുതലാളുകൾ ആശ്രയിക്കുന്ന നിക്ഷേപമാർഗമാണ് കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയായ  എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സ്കീം. ദീർഘകാല നിക്ഷേപമെന്ന നിലയിൽ മികച്ച നേട്ടം നൽകുന്ന സ്‌കീമാണിത്. എൻപിസ് പ്ലാനിന് കീഴിൽ നിക്ഷേപക വിഹിതം , ഇക്വിറ്റി, കോർപറേറ്റ് ബോണ്ടുകൾ,  ലിക്വിഡ് ഫണ്ടുകൾ, സർക്കാർ ബോണ്ടുകൾ,തുടങ്ങിയ വിവിധ സെക്യൂരിറ്റികളിൽ നിക്ഷേപിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ  നിയന്ത്രണത്തിലാണ് ദേശീയ പെൻഷൻ പദ്ധതി.. നിക്ഷേപ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാനുള്ള സ്കീം അനുവദിക്കുന്നുണ്ട്..

സ്ഥിര നിക്ഷേപങ്ങൾ

റിസ്ക് കുറഞ്ഞ എന്നാൽ, മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നവയാണ് സ്ഥിരനിക്ഷേപങ്ങൾ. വരുമക്കാരായ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച നിക്ഷേപമാർഗങ്ങളിലൊന്നാണിത്. നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷയും ഉറപ്പുവരുത്തുമെന്നതിനാൽ ടെൻഷനും വേണ്ട. സ്ഥിരനിക്ഷേപം വഴി പണം ലാഭിക്കാമെന്ന് മാത്രമല്ല അവയിൽ നിന്ന് ഗണ്യമായ വരുമാനവും നേടാം. നിലവിൽ വിവിധ ബാങ്കുകൾ ആകർഷകമായ് പലിശനിരക്കും ലഭ്യമാക്കുന്നുണ്ട്.


മ്യൂച്വൽ ഫണ്ട് എസ്ഐപികൾ

റിസ്ക് എടുക്കാൻ താൽപര്യമുള്ളവർക്കുള്ള മികച്ച ഇൻവെസ്റ്റ് ഓപ്ഷനാണിത്. കാരണം ദീർകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് മെച്ചപ്പെട്ട വരുമാനം മ്യൂച്വൽ ഫണ്ട് എസ്ഐപികൾ വഴി നേടാനാകുമെന്നാണ് വിലയിരുത്തൽ. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് ഇക്വിറ്റി, ഡെറ്റ് അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം പ്രതിമാസം നിശ്ചിതതുക ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ .

സ്വർണ്ണം

ഇന്നത്തെക്കാലത്ത് ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് സ്വർണ്ണം . ആഭരണങ്ങൾ വാങ്ങൽ, നാണയങ്ങൾ, ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ട്  തുടങ്ങിയവ  സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്, . സ്വർണ്ണവില അടിക്കടി ഉയരുന്ന സാഹചര്യത്തിൽ, ഉചിതമായ നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്.

ആരോഗ്യ ഇൻഷുറൻസ്

നമ്മുടെ ആരോഗ്യത്തിനാണ് ഏറ്റവും മികച്ച നിക്ഷേപം വേണ്ടതെന്ന് പലരും പറയാറുണ്ട്.. അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും പിടിപെടാം. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ആരോഗ്യവും നിങ്ങളുടെ സ്വന്തം ആരോഗ്യവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ആശുപത്രി ചെലവുകൾക്ക് വലിയ തുക തന്നെ ചെലവാകുമെന്ന കാര്യം ഓർക്കേണ്ടതാണ്.  സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് കവറേജ് അത്യാവശ്യമായ കാര്യമാണ്. ഇതിനായി നിരവധി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ നിലവിലുണ്ട്. ആവശ്യങ്ങൾ തിിരിച്ചറിഞ്ഞ് അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ടതുണ്ട്.

click me!