സർക്കാർ പ്രഖ്യാപിച്ച ഇപിഎഫ് ഇളവ് ആർക്കെല്ലാം കി‌ട്ടും? ജീവനക്കാർക്ക് വീട്ടിൽ കൊണ്ട് പോകാവുന്ന ശമ്പളം ഉയരും

By C S RenjitFirst Published Nov 23, 2020, 5:47 PM IST
Highlights

തൊഴിലാളിയുടേത് മാത്രമല്ല തൊഴിലുടമയുടെ വിഹിതം കൂടി സർക്കാർ സബ്സിഡി ആയിട്ട് അക്കൗണ്ടിലേക്ക് വരും.

ത്മനിർഭർ ഭാരത് മൂന്നാം എഡിഷനിൽ കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പാക്കേജുകളിൽ  കൊറോണ മഹാമാരി സൃഷ്ടിച്ച കഷ്ടതകൾ അനുഭവിച്ചവർക്ക് ഏറ്റവും ആകർഷണീയമാകുന്ന പദ്ധതിയാണ് എ ബി ആർ വൈ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന  തൊഴിൽ യോജന. ബാങ്കുകളിലിരിക്കുന്ന വായ്പകളെക്കാളും, കമ്പനികൾക്ക് നൽകുന്ന  മേഖല സഹായങ്ങളെക്കാളും സ്വന്തം പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നേരിട്ടെത്തുന്നു മുതലിന് മാധുര്യം കൂടുന്നത് സ്വാഭാവികം.

ഈ വർഷം ഒക്ടോബർ ഒന്നിനും അടുത്ത വർഷം ജൂൺ മുപ്പതിനും ഇടയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതുതായി ജോലിയ്ക്ക് ചേരുന്നവർക്ക്, രണ്ടു വർഷത്തേക്ക് പ്രോവിഡന്റ് ഫണ്ട് വിഹിതം കേന്ദ്ര സർക്കാർ നൽകും. തൊഴിലാളിയുടേത് മാത്രമല്ല തൊഴിലുടമയുടെ വിഹിതം കൂടി സർക്കാർ സബ്സിഡി ആയിട്ട് അക്കൗണ്ടിലേക്ക് വരും.

15,000 രൂപ വരെ മാസ ശമ്പളമുള്ളവർക്ക് ആണ് സബ്‌സിഡിക്ക്  അർഹത. കൊവിഡ് 19 ന്റെ ആഘാതത്തിൽ തൊഴിൽ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത്‌ താഴെ തട്ടിലുള്ള പ്രത്യേകിച്ചും നൈപുണ്യം കുറഞ്ഞ തൊഴിലെടുത്തിരുന്നവരെയാണ്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് മാത്രമായി ആനുകൂല്യം ഉറപ്പാകുന്നതിനും ഈ പരിധി സഹായകമാകും. നേരത്തെ ഉയർന്ന ശമ്പളം കിട്ടിയിരുന്നവർക്കും, മെച്ചപ്പെട്ട ശമ്പളത്തിന് അർഹതയുള്ള വിദഗ്ദ്ധ തൊഴിലാളികൾക്കും, പുതിയതായി ജോലിക്ക് കയറുമ്പോൾ ശമ്പളം 15,000 രൂപയായി പരിമിതപ്പെടുത്താൻ സ്ഥാപനങ്ങൾ ശ്രമിക്കുമെന്ന പോരായ്മയുണ്ട്.

പരിധി 1,000 ജീവനക്കാർ 

ഈ വർഷം മാർച്ച് ഒന്നിനും സെപ്തംബർ മുപ്പതിനും ഇടയിൽ ജോലി നഷ്ടപ്പെട്ടവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനോ പുതിയ ജോലികൾ കണ്ടെത്തുന്നതിനോ  സഹായിക്കുന്ന രീതിയിലാണ് പദ്ധതി. 50 പേർ  വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ചുരുങ്ങിയത് രണ്ടു പേരെ ജോലിക്കെടുത്താൽ മാത്രമേ സഹായത്തിന് അർഹതയുണ്ടാകൂ. 50 ആളുകൾക്ക് മുകളിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ അഞ്ചു പേരെയെങ്കിലും പുതുതായി നിയമിക്കണം എന്നാണ് നിബന്ധന.

2020 സെപ്റ്റംബർ മാസത്തിലെ പ്രോവിഡന്റ് ഫണ്ട് രജിസ്റ്റർ താരതമ്യം ചെയ്താണ് ഒക്ടോബർ മുതൽ പുതിയ തെഴിലാളികളെ എടുത്ത കണക്കുകൾ പരിശോധിക്കുക. 2021 ജൂൺ മുപ്പത് വരെ മാസം തോറും ഏറ്റവും കുറഞ്ഞ എണ്ണം തൊഴിലാളികളെ എടുക്കേണ്ടതുള്ളതിനാൽ, വേക്കൻസികൾ ഉണ്ടെങ്കിലും സ്ഥാപനങ്ങൾ ആളെ എടുക്കുന്നത് മാസം തോറും കുറഞ്ഞ എണ്ണം ഒപ്പിക്കുന്ന തരത്തിൽ സാവധാനത്തിലാക്കും.

1,000 ജീവനക്കാർ വരെയുള്ള  സ്ഥാപനങ്ങളിൽ ജീവനക്കാരുടെ വിഹിതമായി 12 ശതമാനവും തൊഴിലുടമയുടെ വിഹിതമായി 12 ശതമാനവും അടക്കം വേതനത്തിന്റെ 24 ശതമാനം ആണ് സബ്സിഡിയായി ലഭിക്കുക. തൊഴിലുടമയ്ക്ക് ശമ്പള ചെലവ് കുറയ്ക്കുന്നതിനും ജീവനക്കാർക്ക്  വീട്ടിൽ കൊണ്ട് പോകാവുന്ന ശമ്പള തുക ഉയർത്തുന്നതിനും കഴിയും. 1000 പേരിൽ കൂടുതൽ ജോലി ചെയ്യുന്നയിടങ്ങളിൽ ജീവനക്കാരുടെ വിഹിതമായി 12 ശതമാനം മാത്രമേ നൽകുകയുള്ളൂ.

പദ്ധതിയിൽ കടുകട്ടി നിബന്ധനകൾ

20 ൽ കുറവ് എണ്ണം ജീവനക്കാരെ വയ്ക്കുന്ന സ്ഥാപനങ്ങൾ കൂടി പ്രോവിഡൻറ് ഫണ്ട് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ രജിസ്റ്റർ ചെയ്യാനും സംഘടിത മേഖലകളിലെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പാക്കാനുള്ള അവസരവുമാകും.

പ്രോവിഡന്റ് ഫണ്ട് വിഹിതം സർക്കാർ നൽകി കൊണ്ട് തൊഴിലവസരങ്ങൾ കൂട്ടാൻ 2016 മുതൽ 2019 മാർച്ച് വരെ നടപ്പിലാക്കിയ പി എം തൊഴിൽ പ്രോത്സാഹൻ പദ്ധതിയിൽ സഹായം ലഭിച്ച നല്ലൊരു വിഭാഗം യഥാർത്ഥത്തിൽ പുതിയതായി ജോലിക്കെത്തിയവർ ആയിരുന്നില്ല. പഴുതുകളടക്കാൻ പുതിയ പദ്ധതിയിൽ കടുകട്ടി നിബന്ധനകൾ കൂട്ടിച്ചേർത്തു പ്രായോഗികത കളയില്ല എന്ന് പ്രതീക്ഷിക്കാം.

- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)

click me!