ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് സർവീസുമായി ആക്സിസ് ബാങ്ക്

By Web TeamFirst Published Oct 13, 2020, 12:50 PM IST
Highlights

സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണ് കാഷ്ബാക്ക് ലഭിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. 

തിരുവനന്തപുരം: ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് 4- 5 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കുന്ന എയ്സ് ക്രെഡിറ്റ് കാര്‍ഡ് ആക്സിസ് ബാങ്ക് പുറത്തിറക്കി. മൊബൈല്‍ റീചാര്‍ജ്, ബില്‍ അടയ്ക്കല്‍ തുടങ്ങിയവ ഗൂഗിള്‍ പേയിലൂടെ നടത്തുമ്പോള്‍ അഞ്ചു ശതമാനം കാഷ്ബാക്കാണ് നല്‍കുന്നതാണ് പുതിയ സേവനമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് 4-5 ശതമാനം കാഷ്ബാക്ക് ലഭിക്കും. 

സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കും കാഷ്ബാക്ക് ലഭിക്കും. മറ്റ് ഇടപാടുകള്‍ക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കുമെന്ന് ബാങ്ക് പറയുന്നു. കാര്‍ഡിനായുളള അപേക്ഷ മുതല്‍ എല്ലാം ഡിജിറ്റലായി നടത്താമെന്നതും കാഷ്ബാക്കുകള്‍ എയ്സ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കുമെന്നതും ഏറെ ആകര്‍ഷകമാണ്. 

ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ അറ്റാച്ചു ചെയ്യുന്ന സുരക്ഷിതമായ ഡിജിറ്റല്‍ ടോക്കണ്‍ വഴി പണമടക്കല്‍ നടത്താം. ഡിജിറ്റല്‍ ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായതും കൂടിയാണ് എയ്സ് കാര്‍ഡെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്റ് പെയ്മെന്റ്സ് വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഗൂഗിള്‍ പേ വഴി തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനും ഇതു സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതല്‍ പേര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ലഭിക്കാനും ഇതിടയാക്കുമെന്ന് ഗൂഗിള്‍ പേ സീനിയര്‍ ഡയറക്ടര്‍ അംബരീഷ് കെന്‍ഘെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ഉപഭോക്താക്കളുടെ മനോഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും ലളിതവും സുരക്ഷിതവുമായ സൗകര്യങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും വീസ ഇന്ത്യാ ദക്ഷിണേഷ്യാ ഗ്രൂപ് കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

click me!