
ദീർഘകാല സമ്പാദ്യത്തിനും നികുതി ആനുകൂല്യങ്ങൾക്കും ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). 15 വർഷത്തെ ലോക്ക്- ഇൻ കാലാവധിയുള്ള ഈ പദ്ധതിയിൽ നിലവിൽ വാർഷികം 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്. നിക്ഷേപിച്ച തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും മെച്യൂരിറ്റി തുകയ്ക്കും നികുതി ഇളവ് ലഭിക്കുന്നതിനാൽ സുരക്ഷിത നിക്ഷേപ മാർഗമെന്ന നിലയിൽ നിരവധി പേർ പി.പി.എഫിനെ ആശ്രയിക്കുന്നു.
എന്നാൽ പല നിക്ഷേപകരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന വ്യവസ്ഥയുണ്ട്. ഓരോ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് 500 രൂപ എങ്കിലും നിക്ഷേപിക്കാത്ത പക്ഷം പി.പി.എഫ് അക്കൗണ്ട് പ്രവർത്തനരഹിതമാകും. അക്കൗണ്ടിലെ നിലവിലെ തുകയ്ക്ക് പലിശ ലഭിച്ചുകൊണ്ടിരിക്കുമെങ്കിലും അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല.
അക്കൗണ്ട് പ്രവർത്തനരഹിതമായാൽ പുതിയ നിക്ഷേപങ്ങൾ നടത്താൻ കഴിയില്ല. അതുവഴി അധിക നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കേണ്ട പലിശയും ദീർഘകാല കോമ്പൗണ്ടിംഗ് നേട്ടവും നഷ്ടമാകും. ഇതിന് പുറമെ പി.പി.എഫ് ബാലൻസിനെ അടിസ്ഥാനമാക്കി വായ്പ ലഭിക്കുകയോ ചട്ടപ്രകാരമുള്ള ഭാഗിക പിൻവലിക്കൽ നടത്തുകയോ ചെയ്യാനാകില്ല. 15 വർഷത്തെ കാലാവധി പൂർത്തിയായാലും അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
എന്നാൽ പ്രവർത്തനരഹിതമായ അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കുന്നത് വളരെ എളുപ്പമാണ്. പി.പി.എഫ് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിലോ തപാൽ ഓഫീസിലോ നേരിട്ട് എത്തി പുനരാരംഭിക്കാനുള്ള അപേക്ഷ നൽകണം. പ്രവർത്തനരഹിതമായ ഓരോ വർഷത്തിനും 50 വീതം പിഴ അടയ്ക്കുകയും നിലവിലെ സാമ്പത്തിക വർഷത്തേക്കുള്ള കുറഞ്ഞത് 500 രൂപ നിക്ഷേപിക്കുകയും വേണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ അക്കൗണ്ട് വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങും.
റെസിഡന്റ് ഇന്ത്യൻ പൗരന്മാർക്ക് പി.പി.എഫ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അക്കൗണ്ട് ആരംഭിക്കാനും അനുമതിയുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 15 വർഷമാണ് പദ്ധതിയുടെ കാലാവധി. പിന്നീട് അഞ്ച് വർഷം വീതമുള്ള ഘട്ടങ്ങളായി ഇഷ്ടമുള്ളത്ര തവണ കാലാവധി നീട്ടാനും അവസരമുണ്ട്. ഏഴാം സാമ്പത്തിക വർഷം മുതൽ ഭാഗിക പിൻവലിക്കലിനും, ചില നിബന്ധനകൾക്ക് വിധേയമായി അഞ്ച് വർഷത്തിന് ശേഷം മുൻകൂർ ക്ലോഷറിനും നിലവിലെ ചട്ടങ്ങൾ പ്രകാരം സൗകര്യമുണ്ട്. അതിനാൽ പി.പി.എഫ് അക്കൗണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും തടസമില്ലാതെ ലഭിക്കാൻ ഓരോ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് 500 രൂപ എങ്കിലും നിക്ഷേപിക്കാൻ മറക്കരുത്.