മാസാന്ത്യത്തിലെ 'കൈമലർത്തൽ' ഇനി വേണ്ട! കയ്യിൽ പണം നിൽക്കാൻ ഈ മാ‍‌ർ​ഗങ്ങൾ പരീക്ഷിക്കാം

Published : Aug 23, 2026, 02:04 PM IST
Indian Rupee

Synopsis

മാസത്തിന്റെ തുടക്കത്തിൽ ശമ്പളം ലഭിക്കുകയും അവസാനത്തോടെ പണമില്ലാതെ വരികയും ചെയ്യുന്നവരാണ് നമ്മളിൽ മിക്കവരും. പണം ശരിയായി കൈകാര്യം ചെയ്യാത്തതിനാലാണ് പലർക്കും ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം.

മാസത്തിന്റെ തുടക്കത്തിൽ അക്കൗണ്ടിൽ ശമ്പളം വരുമ്പോൾ രാജാവിനെപ്പോലെ ജീവിക്കുകയും, അവസാനത്തേക്ക് പണമില്ലാതെ വലയുകയും ചെയ്യുന്നവരാണോ നിങ്ങൾ? ഭൂരിഭാഗം യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നമാണിത്. നല്ല ശമ്പളമില്ലാത്തതല്ല മറിച്ച് പണം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളാണ് ഇതിന് കാരണം. ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്ന 3 വഴികൾ നോക്കാം.

24 മണിക്കൂർ കാത്തിരിക്കാം (24-Hour Rule)

അത്യാവശ്യമില്ലാത്ത, എന്നാൽ 2,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഏതെങ്കിലും സാധനം വാങ്ങാൻ തോന്നിയാൽ ഉടൻ പണം ചെലവാക്കാതെ 24 മണിക്കൂർ കാത്തിരിക്കുക. സാധനം കാണുമ്പോൾ ഉണ്ടാകുന്ന ആവേശം ഒരു ദിവസം കഴിയുമ്പോൾ താനേ കുറയും. ഈ ഒറ്റ ശീലം വഴി വർഷത്തിൽ ആയിരക്കണക്കിന് രൂപ ലാഭിക്കാൻ സാധിക്കും.

അക്കൗണ്ടുകൾ തരംതിരിക്കാം

വാടക, സമ്പാദ്യം, വിനോദത്തിനുള്ള പണം എന്നിവയെല്ലാം ഒറ്റ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചാൽ, അത് മുഴുവൻ ചെലവാക്കാനുള്ളതാണെന്ന് തലച്ചോർ തെറ്റിദ്ധരിക്കും. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ തരംതിരിച്ച് വക്കാം. പ്രധാന അക്കൗണ്ടിൽ വാടക, ഇ.എം.ഐ, ബില്ലുകൾ തുടങ്ങിയ മാറ്റിവെക്കാനാകാത്ത ചെലവുകൾക്ക് മാത്രം ഉപയോഗിക്കുക. രണ്ടാമത്തെ അക്കൗണ്ടിന് ദിവസേനയുള്ള മറ്റ് ചെലവുകൾക്കായി ഒരു സീറോ ബാലൻസ് അക്കൗണ്ട് ഉപയോഗിക്കുക. ഈ അക്കൗണ്ടിലെ പണം തീർന്നാൽ ആ മാസത്തെ അധിക ചെലവുകൾ അവിടെ അവസാനിപ്പിക്കുക.

സമ്പാദ്യം സൂക്ഷിക്കുക

ശമ്പള വർദ്ധനവോ ബോണസോ ലഭിക്കുമ്പോൾ അതിൽ 50 ശതമാനവും എസ്.ഐ.പി (SIP) പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റുക. ബാക്കി 50 ശതമാനം തുക മാത്രം ജീവിത ശൈലിയിലെ മാറ്റങ്ങൾക്കായി ഉപയോഗിക്കുക. ഇത് ഭാവിയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ചെറിയ തുകയാണെങ്കിലും സമ്പാദിച്ചു തുടങ്ങുക: 10,000 രൂപ സമ്പാദിക്കാൻ ഇല്ലെങ്കിലും മാസം 500 രൂപയെങ്കിലും നീക്കിവെക്കുന്ന ശീലം വളർത്തിയെടുക്കുക.

അനാവശ്യ സബ്‌സ്‌ക്രിപ്‌ഷനുകൾ ഒഴിവാക്കുക: ഉപയോഗിക്കാത്ത ഒ.ടി.ടി, മറ്റ് ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ റദ്ദാക്കുക.

ഓട്ടോമാറ്റിക് സിസ്റ്റം: വാടക, എസ്.ഐ.പി, ഇൻഷുറൻസ് എന്നിവ ശമ്പളം വരുന്ന ആദ്യ ദിനങ്ങളിൽ തന്നെ അക്കൗണ്ടിൽ നിന്ന് സ്വയം പോകുന്ന രീതിയിൽ മാറ്റുക.

എമ‍‌ർജൻസി ഫണ്ട്: അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകൾക്കായി കുറഞ്ഞത് 20,000 രൂപയെങ്കിലും എമർജൻസി ഫണ്ടായി വേറെ മാറ്റിവെക്കുക.

PREV
Read more Articles on
click me!

Recommended Stories

വലിയ വീട് വാങ്ങാന്‍ പ്ലാനുണ്ടോ? ചാടിപ്പുറപ്പെടും മുന്‍പ് ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കുക
എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം!