ഇന്‍ഷുറന്‍സ് ഉണ്ട്, കൊറോണയെ പേടിക്കേണ്ട !; ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി പറയുന്നത്

By C S RenjitFirst Published Mar 12, 2020, 5:17 PM IST
Highlights

ഐആര്‍ഡിഎഐ യുടെ അംഗീകാരം ലഭിച്ചിട്ടുള്ള കൊറോണ ഹെല്‍ത്ത് കെയര്‍ നവ മെഡിക്കല്‍ പോളിസികള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഡിജിറ്റല്‍ പോളിസികളായി ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റുകളിലൂടെ കൊറോണ പോളിസി എടുക്കാവുന്നതാണ്. 
 

കോവിഡ്-19 വൈറസ് പിടിപെടുന്നത് പ്രതിരോധിക്കാന്‍ സമൂഹം ഒന്നടങ്കം ജാഗരൂഗരായി നില്‍ക്കുന്നു. വൈറസ് ബാധിച്ചാല്‍ നിലവിലുള്ള മെഡിക്കല്‍ പോളിസികളില്‍ ചികിത്സാ സഹായം ലഭിക്കുമോ എന്ന സംശയം സ്വാഭാവികമാണ്. ഇപ്പോള്‍ മെഡിക്കല്‍ പോളിസികള്‍ ഒന്നും വാങ്ങിയിട്ടില്ലാത്തവര്‍ എങ്ങനെ ഇന്‍ഷുറന്‍സ് കവറേജ് തരപ്പെടുത്താം എന്നായിരിക്കും ചിന്തിക്കുക.  

പകരുന്ന എല്ലാ രോഗങ്ങള്‍ക്കും മെഡിക്കല്‍ പോളിസികളില്‍ കവറേജ് ലഭിക്കുമെന്നതിനാല്‍ കോവിഡ് -19 ഒരു പകര്‍ച്ചവ്യാധി എന്ന നിലയില്‍ ഇപ്പോള്‍ എടുത്തിട്ടുള്ള മെഡിക്കല്‍ പോളിസികളില്‍ അര്‍ഹതപ്പെട്ട എല്ലാ ചികിത്സാ സഹായവും ലഭിക്കുന്നതാണ്. ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടി വന്നാല്‍ സാധാരണ മെഡിക്കല്‍ പോളിസികളില്‍ ചികിത്സാചെലവുകള്‍ കമ്പനി നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കുകയോ റീഇമ്പേഴ്‌സ് ചെയ്ത് നല്‍കുകയോ ചെയ്യും. എടുത്തിട്ടുള്ള പോളിസികളിലെ നിബന്ധനകള്‍ പ്രകാരം അര്‍ഹമാണെങ്കില്‍ വീട്ടില്‍ തുടരവെ എടുക്കുന്ന ചികിത്സാ ചെലവുകളും ക്ലെയിമില്‍ ഉള്‍പ്പെടുത്താം. 

കോവിഡ് - 19 രോഗം മൂലം മെഡിക്കല്‍ പോളിസികളില്‍ ക്ലെയിം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതാണെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളില്‍ പോയി, വീട്ടില്‍ ആര്‍ക്കൊക്കെ വൈറസ് ബാധയുണ്ടായി തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദിച്ച് ക്ലെയിം തടസ്സപ്പെടുത്തരുതെന്നും കമ്പനികളെ ഐആര്‍ഡിഎഐ ഉപദേശിച്ചിട്ടുണ്ട്. 

 

നൂതന കൊറോണ ഇന്‍ഷുറന്‍സ് !

കോവിഡ് - 19 വൈറസ് രോഗം ബാധിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ പ്രധാനമായും രണ്ട് രീതിയിലാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. രോഗബാധ സംശയമുള്ളപ്പോള്‍ സര്‍ക്കാര്‍ ഐസോലേഷന്‍ സംവിധാനങ്ങളില്‍ നിശ്ചിത ദിവസങ്ങള്‍ കഴിയേണ്ടി വരും. ഇതോടൊപ്പം രക്ത പരിശോധനയ്ക്ക് സാമ്പിളുകള്‍ വൈറസ് ടെസ്റ്റിംങ് ലബോറട്ടറികളിലേയ്ക്ക് അയയ്ക്കുന്നു. പോസിറ്റീവ് ആണ് റിസള്‍ട്ട് എങ്കില്‍ രോഗം ഭേദമാകുന്നതുവരെ ചികിത്സകള്‍ എടുക്കേണ്ടതുണ്ട്. പരിശോധനാ ചെലവുകളും ചികിത്സാ ചെലവുകളും ഇപ്പോഴുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുമെങ്കിലും ഐസോലേഷന്‍  ചെലവുകള്‍ ഒഴിവാക്കപ്പെടാം. 

കോവിഡ്-19 വൈറസ് ബാധ പോലെയുള്ള പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നൂതന പോളിസികള്‍ തയ്യാറാക്കി വില്‍ക്കുന്നതിന് കമ്പനികളെ അനുവദിക്കുന്ന റെഗുലേറ്ററി സാന്‍ഡ് ബോക്‌സ് രീതി നടപ്പായിട്ട് അധികമായിട്ടില്ല. ഐആര്‍ഡിഎഐ യുടെ അംഗീകാരം ലഭിച്ചിട്ടുള്ള കൊറോണ ഹെല്‍ത്ത് കെയര്‍ നവ മെഡിക്കല്‍ പോളിസികള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഡിജിറ്റല്‍ പോളിസികളായി ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റുകളിലൂടെ കൊറോണ പോളിസി എടുക്കാവുന്നതാണ്. 

പരമ്പരാഗത മെഡിക്കല്‍ പോളിസികളെ അപേക്ഷിച്ച് ലളിതമാണ് നവ പോളിസികള്‍. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലാണ് പോളിസികള്‍ ലഭിക്കുക. ക്ലെയിം രീതികളും കൂടുതല്‍ ജനസൗഹൃദമാണ്. സര്‍ക്കാര്‍ ഐസോലേഷന്‍ സൗകര്യങ്ങളില്‍ കഴിയേണ്ടി വന്നാല്‍ ഇന്‍ഷുറന്‍സ് തുകയുടെ ഒരു ഭാഗം മുന്‍കൂര്‍ ലഭിക്കും. വൈറസ് ടെസ്റ്റ് ഫലം പോസിറ്റീവ് ആണെങ്കില്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും ക്ലെയിം ചെയ്യാം. ഇതിനോടകം മഹാ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്ന് തിരിച്ചെത്തിയ കുടുംബാംഗങ്ങളില്‍ നിന്ന് അസുഖം പകര്‍ന്നവര്‍ക്കും നവ പോളിസികള്‍ പ്രയോജനപ്പെടില്ല. വൈറസ് ടെസ്റ്റ് പൂനെയിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആയിരിക്കണമെന്നുള്ള അധിക നിബന്ധനകളും ഉണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!