വീടുകളിലും ലോക്കറിലുമിരിക്കുന്ന പഴയ സ്വര്‍ണമെവിടെ? ഇന്ത്യക്കാരുടെ 'മൈൻഡ്' ആകെ മാറിയെന്ന് റിപ്പോ‍ർട്ടുകൾ

Published : May 19, 2026, 02:43 PM IST
gold

Synopsis

സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ആളുകള്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വന്‍തോതില്‍ വില്‍ക്കുകയോ പുതിയത് വാങ്ങി മാറുകയോ ചെയ്യുന്ന പ്രവണത വർധിക്കുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തെ വൈകാരിക സമ്പാദ്യമായി കാണുന്നതിന് പകരം സാമ്പത്തിക ആസ്തിയായി പരിഗണിക്കുന്ന ഈ മാറ്റം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാണ്. 

സ്വര്‍ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, ബാങ്ക് ലോക്കറുകളിലും വീടുകളിലും ഉപയോഗിക്കാതെ കിടക്കുന്ന പഴയ സ്വര്‍ണാഭരണങ്ങള്‍ വിപണിയിലേക്ക് വന്‍തോതില്‍ തിരിച്ചെത്തുന്നു. പഴയ സ്വര്‍ണം നല്‍കി പുതിയത് വാങ്ങാനും അവ പണമാക്കാനും താല്പര്യം കൂടുന്നതായാണ് വിപണിയിലെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണത്തെ വെറുമൊരു വൈകാരിക സമ്പാദ്യമായി കാണുന്നതിന് പകരം, മികച്ചൊരു സാമ്പത്തിക ആസ്തിയായി ജനങ്ങള്‍ കാണാന്‍ തുടങ്ങിയതാണ് ഈ മാറ്റത്തിന് പിന്നിലെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവും ഡ്യൂട്ടിയും വര്‍ധിച്ചതോടെ ആഭ്യന്തര വിപണിയില്‍ പഴയ സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്നതിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ അവതരിപ്പിച്ചതും ഇതിന് വേഗത കൂട്ടി.

വൈകാരിക ചിന്തകളില്‍ നിന്ന് സാമ്പത്തിക നേട്ടത്തിലേക്ക്

ഉപയോഗിക്കാത്ത ആഭരണങ്ങള്‍ ലോക്കറുകളില്‍ വെറുതെ സൂക്ഷിക്കുന്നതിന് പകരം, അവ ട്രെന്‍ഡിങ് ആയ പുതിയ ഡിസൈനുകളിലേക്ക് മാറ്റാനോ മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ ആളുകള്‍ താല്പര്യപ്പെടുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. പുതിയ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാനും ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഒഴുക്ക് ശക്തമാക്കാനും ഈ ട്രെന്‍ഡ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പഴയ സ്വര്‍ണം മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വര്‍ണം എക്‌സ്‌ചേഞ്ച് ചെയ്യുന്നതിന് മുന്‍പ് അതിന്റെ മൂല്യം നിര്‍ണ്ണയിക്കുന്ന പ്രക്രിയയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം

മാറ്റ് പരിശോധിക്കല്‍: ജ്വല്ലറികളില്‍ കാരറ്റ് മീറ്ററുകള്‍ എക്‌സ്ആര്‍എഫ് മെഷീനുകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നത്. ഇത് കൃത്യമായ മൂല്യം കണക്കാക്കാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

റീസെയില്‍ വാല്യു: സ്വര്‍ണം ആദ്യം വാങ്ങിയ വിലയ്ക്ക് തന്നെ തിരികെ വില്‍ക്കാന്‍ കഴിയില്ല എന്നത് പലരെയും അത്ഭുതപ്പെടുത്താറുണ്ട്. നമ്മള്‍ ആദ്യം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ഡിസൈന്‍ ചാര്‍ജ്, ബ്രാന്‍ഡിങ്, നികുതികള്‍ എന്നിവയും നല്‍കേണ്ടി വരും. എന്നാല്‍ തിരികെ വില്‍ക്കുമ്പോഴോ റീസൈക്കിള്‍ ചെയ്യുമ്പോഴോ സ്വര്‍ണമെന്ന ലോഹത്തിന്റെ മാത്രം വിലയാണ് ലഭിക്കുക. ചുരുക്കത്തില്‍, സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുമ്പോള്‍, ഉപഭോക്താക്കളുടെ മാറിയ ചിന്താഗതിയും സാങ്കേതികവിദ്യയിലെ സുതാര്യതയും ഇന്ത്യയിലെ ഗോള്‍ഡ് റീസൈക്ലിങ് രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് വഴിയൊരുക്കുന്നത്

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
റിട്ടയ‍‍‌ർമെന്റ് ലൈഫിന് ചെലവ് കുറയും, സമ്പാദ്യം അധികം വേണ്ടെന്ന ചിന്തയുണ്ടോ? കാത്തിരിക്കുന്നത് വലിയ ബാധ്യതകള്‍!