റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ഉടൻ വരുന്നു

By Web TeamFirst Published Feb 6, 2021, 4:23 PM IST
Highlights

സ്വകാര്യ ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് വിലക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച നീക്കം തുടങ്ങിയിരുന്നു. 

മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി എന്ന ലക്ഷ്യവുമായി റിസർവ് ബാങ്കിലെ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നു. തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഡപ്യൂട്ടി ഗവർണർ ബിപി കണുങ്കോ വ്യക്തമാക്കി.

സ്വകാര്യ ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് വിലക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിറ്റ്കോയിൻ പോലുള്ള സ്വന്തം ഡിജിറ്റൽ കറൻസിക്കായി റിസർവ് ബാങ്ക് ശ്രമം തുടങ്ങിയത്.

സമീപ വർഷങ്ങളിൽ സ്വകാര്യ ഡിജിറ്റൽ കറൻസികളും വെർച്വൽ കറൻസികളും ക്രിപ്റ്റോ കറൻസികളും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ, ഇതിന്റെ റിസ്കിൽ കേന്ദ്രസർക്കാർ ഉറ്റുനോക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ഡിജിറ്റൽ കറൻസികളേക്കാൾ പതിന്മടങ്ങ് വിശ്വാസ്യതയുള്ള ഡിജിറ്റൽ കറൻസി എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയത്.

ജനുവരിയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്ക് ഒരു ഡിജിറ്റൽ കറൻസിയുടെ ആവശ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ഉണ്ടെന്ന് തോന്നുകയാണെങ്കിൽ അതെങ്ങിനെ പ്രാവർത്തികമാക്കാമെന്നും ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
 

click me!