
അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു തുക കരുതിവെക്കണമെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. എന്നാല്‍ കുറച്ച് പണം കയ്യിൽ സേവ് ചെയ്ത് വച്ച് കഴിഞ്ഞാൽ അടുത്തതായി ഉയരുന്ന പ്രധാന ചോദ്യം ഈ പണം യഥാര്‍ത്ഥത്തില്‍ എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നായിരിക്കും. പണം എപ്പോള്‍ വേണമെങ്കിലും ഉടനടി ലഭ്യമാകുന്ന സേവിങ്‌സ് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കണമോ? അതോ ഫിക്‌സഡ് ഡിപ്പോസിറ്റിലിട്ടാല്‍ കൂടുതല്‍ ലാഭം കിട്ടുമോ? പണം എളുപ്പം പിന്‍വലിക്കാനും ഒപ്പം വളര്‍ച്ച നേടാനും ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകളാണോ ഏറ്റവും അനുയോജ്യം? എന്നൊക്കെ നമുക്ക് പല തരത്തിലും സംശയം ഉയർന്നേക്കാം. ഇതിനായി നമുക്ക് മുന്നിലുള്ള പ്രധാന ഓപ്ഷനുകള്‍ പരിശോധിക്കാം.
ഏറ്റവും ലളിതമായ ഓപ്ഷന്‍ സേവിങ്‌സ് അക്കൗണ്ടാണ്. ഇതിന്റെ ഏറ്റവും വലിയ നേട്ടം പണം എപ്പോള്‍ വേണമെങ്കിലും ഉടനടി ലഭ്യമാകും എന്നതാണ്. നിങ്ങളുടെ വാഹനം പെട്ടെന്ന് കേടാകുകയോ, ജോലി നഷ്ടപ്പെടുകയോ, അല്ലെങ്കില്‍ അപ്രതീക്ഷിതമായി വലിയൊരു മെഡിക്കല്‍ ബില്ല് വരികയോ ചെയ്താല്‍, പണം തൊട്ടടുത്ത നിമിഷം തന്നെ കൈയ്യില്‍ കിട്ടും. നിക്ഷേപങ്ങള്‍ പിന്‍വലിക്കാനോ കാലാവധി തീരുന്നതിന് മുന്‍പ് ഡെപ്പോസിറ്റുകള്‍ എടുക്കുന്നത് ഓര്‍ത്ത് വിഷമിക്കുകയോ വേണ്ട. എന്നാല്‍ ഇതിനൊരു ദോഷവശവുമുണ്ട്. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് സാധാരണയായി കുറഞ്ഞ പലിശയോ ലാഭമോ മാത്രമേ ലഭിക്കൂ. വലിയ തുക വര്‍ഷങ്ങളോളം ഇവിടെ മാറ്റമില്ലാതെ കിടന്നാല്‍, പണപ്പെരുപ്പം ഉയരുന്നതിനനുസരിച്ചുള്ള വളര്‍ച്ച ലഭിക്കില്ല.
പണം പെട്ടെന്ന് ആവശ്യമില്ലെന്ന് ഉറപ്പാണെങ്കില്‍, നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടിന്റെ ഒരു ഭാഗം ഫിക്‌സഡ് ഡിപ്പോസിറ്റായി മാറ്റുന്നത് സാധാരണ സേവിങ്‌സ് അക്കൗണ്ടിനേക്കാള്‍ കൂടുതല്‍ ലാഭം നേടാന്‍ സഹായിക്കും. ഭൂരിഭാഗം ബാങ്കുകളും കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കാന്‍ അനുവദിക്കാറുണ്ട്. എങ്കിലും, നിക്ഷേപത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് പലിശ നിരക്ക് കുറയുകയോ പിഴ ഈടാക്കുകയോ ചെയ്‌തേക്കാം. പ്രധാനപ്പെട്ട കാര്യം, എമര്‍ജന്‍സി ഫണ്ട് മുഴുവനായി ദീര്‍ഘകാല ഡിപ്പോസിറ്റുകളില്‍ ലോക്ക് ചെയ്യരുത്. അത് പണം വേഗത്തില്‍ എടുക്കുന്നതിന് തടസ്സമാകും.
പല നിക്ഷേപകരും പരിഗണിക്കുന്ന മറ്റൊരു ഓപ്ഷനാണ് ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍. ഹ്രസ്വകാല കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഇത്തരം ഫണ്ടുകള്‍ പണം എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സഹായിക്കുന്നവയാണ്. ഒപ്പം സേവിങ്‌സ് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന ലാഭം നല്‍കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പോലെ ഇതില്‍ ലാഭം ഗ്യാരണ്ടി നല്‍കുന്നില്ല, ഇതിന്റെ മൂല്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാം. മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പണം പിന്‍വലിക്കുന്ന പ്രക്രിയകള്‍ നന്നായി അറിയാവുന്നവര്‍ക്കും തങ്ങളുടെ എമര്‍ജന്‍സി ഫണ്ടിന്റെ ഒരു ഭാഗം ഇവിടെ സൂക്ഷിക്കാവുന്നതാണ്.
ഇവയില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ മാത്രം തിരഞ്ഞെടുക്കണമെന്ന നിര്‍ബന്ധമില്ല എന്നതാണ് ഏറ്റവും നല്ല കാര്യം. പലരും തങ്ങളുടെ എമര്‍ജന്‍സി ഫണ്ട് വിവിധ പ്ലാനുകളിലായി വീതം വെക്കാറുണ്ട്. ഉദാഹരണത്തിന്, ഒന്നോ രണ്ടോ മാസത്തെ ചിലവുകള്‍ക്കുള്ള പണം പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കാം. ബാക്കി തുക ഫിക്‌സഡ് ഡിപ്പോസിറ്റുകളിലോ ലിക്വിഡ് ഫണ്ടുകളിലോ നിക്ഷേപിക്കാം. ഇത് വഴി കുറച്ചു പണം എപ്പോഴും കൈയെത്തും ദൂരത്ത് ലഭ്യമാകുകയും, ബാക്കി തുകയില്‍ നിന്ന് കുറച്ചുകൂടി മികച്ച ലാഭം നേടുകയും ചെയ്യാം.