
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കുകയാണ് ഇറാൻ. അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. യുദ്ധം ആക്രമണം നടക്കുന്ന രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അതിന്റെ പരിണിത ഫലങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ലോകത്തെ മുഴുവനായും ബാധിക്കും. സംഘർഷം കനക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉറ്റു നോക്കുന്നത് വപണിയിലെ മാറ്റങ്ങളെക്കൂടിയാണ്.
ഏറ്റവും അവസാനമായി പുറത്തു വന്ന കണക്കുകളനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1, 26, 920 രൂപയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു ഗ്രാമിന് വർധിച്ചത് 1015 രൂപയാണ്. ജനുവരി 29 ന് രാവിലെ സ്വർണം റെക്കോർഡ് വിലയായ 1,31,160 രൂപയായിരുന്നു. സാഹചര്യമിങ്ങനെ തുടർന്നാൽ റെക്കോർഡ് ഭേദിച്ച് സ്വർണം മുന്നേറുമെന്ന കാര്യത്തിൽ സംശയമില്ല.
ഇനി സ്വർണമെങ്ങനെ സുരക്ഷിത നിക്ഷേപമാകുന്നുവെന്ന് നോക്കാം.യുദ്ധം വരുമ്പോൾ നാശനഷ്ടങ്ങളേക്കാളുപരി ഒരു രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുമെന്നതാണ് ഏറ്റവും വലിയ അപകടം. യുദ്ധസമയത്ത് രാജ്യങ്ങളുടെ കറൻസിയുടെ മൂല്യം ഇടിയും. ഈ സമയത്ത് അവിടത്തെ ഗവൺമെന്റിന് വലിയ ചെലവുകൾ വരും. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതു മുതലെല്ലാം രാജ്യത്തിന്റെ കടമയാകും. സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതി വരും. എന്നാൽ ഇത് വാങ്ങാനായി നൽകുന്ന ആ രാജ്യത്തിന്റെ കറൻസിയുടെ മൂല്യം ആ സമയത്ത് വളരെ നിർണായകമാണ്. ഇവിടെയാണ് സ്വർണം സുരക്ഷിത നിക്ഷേപമാകുന്നത്. എപ്പോഴും മൂല്യമുള്ള ഒന്നാണ് സ്വർണം. സ്വർണ്ണം ഒരു രാജ്യത്തോ ഗവൺമെന്റോ നിർമ്മിക്കുന്ന ഒന്നല്ല. ആഗോള തലത്തിൽ പിടിയുള്ള മഞ്ഞ ലോഹത്തിന് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അതിന്റേതായ വിലയുണ്ട്. അതായത്, യുദ്ധം കാരണം ഒരു രാജ്യത്തെ കറൻസി ഇടിഞ്ഞു താഴെ വീണാലും, കയ്യിലുള്ള ഒരു സ്വർണ്ണം വിറ്റാൽ നിങ്ങൾക്ക് മറ്റൊരു രാജ്യത്തെ എന്തും നിങ്ങൾക്കും അഫോർഡ് ചെയ്യാനാകുമെന്നർത്ഥം.
ഇനി, ഇപ്പോൾ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന് ഇന്ധന വിപണിയിൽ വരാവുന്ന മാറ്റങ്ങളാണ്. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ 'ഹോര്‍മുസ് കടലിടുക്ക്' അടയ്ക്കപ്പെടുകയും ചെയ്താല്‍, അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കും. ലോകത്തെ എണ്ണ വിതരണത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍, ഇന്ത്യയുടെ മൊത്തം പ്രതിമാസ ഇറക്കുമതിയുടെ 50 ശതമാനത്തെയെങ്കിലും അത് നേരിട്ട് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ 40 ശതമാനമാണ് ഹോര്‍മുസ് വഴി വന്നിരുന്നതെങ്കില്‍, ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലത് 50 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് കേപ്ലറിന്റെ ഡാറ്റ വ്യക്തമാക്കുന്നു. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പരമ്പരാഗത മിഡില്‍ ഈസ്റ്റ് വിതരണക്കാരിലേക്ക് ഇന്ത്യ തിരിഞ്ഞതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഈ വഴി പ്രതിദിനം 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 2.6 ദശലക്ഷമായി കുതിച്ചിരിക്കുകയാണ്.
ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരിമിതം
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കപ്പെട്ടാല്‍, മറ്റ് വഴികളിലൂടെ എണ്ണ എത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. സൗദി അറേബ്യയുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍' (ചെങ്കടല്‍ വഴി), യുഎഇയുടെ 'അബുദാബി ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍' (ഫുജൈറ വഴി) എന്നിവ ഹോര്‍മുസ് ഒഴിവാക്കി എണ്ണ കൊണ്ടുപോകാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഇത്തരം പൈപ്പ്ലൈനുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എണ്ണയുടെ അളവിന് പരിമിതികളുണ്ടെന്നും, ഉല്‍പ്പാദകരുടെ തീരുമാനങ്ങള്‍ക്കും വാണിജ്യ കരാറുകള്‍ക്കും അനുസരിച്ച് മാത്രമേ ഇത് ഇന്ത്യയ്ക്ക് ലഭ്യമാകൂ. അത് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും പൂര്‍ണ്ണമായൊരു പരിഹാരമാകില്ല.
റഷ്യന്‍ എണ്ണ എന്ന കടമ്പ
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ ഇന്ത്യയ്ക്ക് വീണ്ടും റഷ്യയെ ആശ്രയിക്കേണ്ടി വന്നേക്കാം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിരീക്ഷണം ഇവിടെ വലിയൊരു തടസമാണ്. കഴിഞ്ഞ വര്‍ഷം പ്രധാന റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ് , ലുക്കോയില്‍ എന്നിവയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ സമ്മതിച്ചതായി ഇന്ത്യ-യുഎസ് കരാര്‍ പ്രഖ്യാപിക്കുന്നതിനിടെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്ക, പശ്ചിമാഫ്രിക്ക (നൈജീരിയ, അംഗോള), ലാറ്റിന്‍ അമേരിക്ക (ബ്രസീല്‍, കൊളംബിയ, വെനസ്വേല) തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ യാത്രാദൂരം കൂടുതലായതിനാല്‍ ചരക്ക് കൂലി ഗണ്യമായി വര്‍ദ്ധിക്കുകയും ഇത് എണ്ണവില ഉയരാന്‍ കാരണമാകുകയും ചെയ്യും.
ഈ യുദ്ധ സാഹചര്യം ഇനിയും തുടർന്നാൽ ലോകത്താകമാനം, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റമുൾപ്പെടെ ഉണ്ടായേക്കാം. നയതന്ത്രപരമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ പോലും രാജ്യങ്ങൾ സാമ്പത്തികമായി സേഫ് സോണിൽ ആയി എന്ന് പറയാൻ സമയമെടുത്തേക്കുമെന്ന് സാരം.