ടേം ഇന്‍ഷുറന്‍സ് മാത്രം മതിയോ? പോളിസി എടുക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Published : Aug 31, 2026, 05:26 PM IST
Term Insurance

Synopsis

കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന പരിരക്ഷ നല്‍കുന്ന ടേം പ്ലാനുകള്‍ ഒരു നിക്ഷേപമല്ല. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഇന്‍ഷുറന്‍സും നിക്ഷേപവും രണ്ടായി തന്നെ നമ്മൾ കാണേണ്ടതുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ പലര്‍ക്കും വലിയ ആശയക്കുഴപ്പമാണ്. ടേം പ്ലാനുകള്‍, എന്‍ഡോവ്‌മെന്റ് പോളിസികള്‍, മണി-ബാക്ക് പ്ലാനുകള്‍, യൂലിപ്പുകള്‍ തുടങ്ങി നിരവധി പ്ലാനുകള്‍ ഇന്ന് വിപണിയിലുണ്ട്. ഇതില്‍ ഏത് തെരഞ്ഞെടുക്കും? ഒരു ടേം ഇന്‍ഷുറന്‍സ് പോളിസി മാത്രം എടുത്താല്‍ മതിയോ, അതോ വേറെയും പോളിസികള്‍ ആവശ്യമുണ്ടോ? ഇത്തരം സംശയങ്ങള്‍ സ്വാഭാവികമാണ്.

എന്തുകൊണ്ടാണ് വിദഗ്ധര്‍ ടേം പ്ലാന്‍ നിര്‍ദേശിക്കുന്നത്?

സാമ്പത്തികമായി മറ്റുള്ളവര്‍ ആശ്രയിക്കുന്ന കുടുംബമുള്ള ഒരു വ്യക്തിയോട് സാമ്പത്തിക വിദഗ്ധര്‍ ആദ്യം നിര്‍ദേശിക്കുന്നത് ഒരു ടേം പ്ലാന്‍ എടുക്കാനാണ്. ഇതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്‌. പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍, കുടുംബത്തിന് വലിയൊരു സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പണം സമ്പാദിക്കാനോ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം ഉണ്ടാക്കാനോ അല്ല ടേം പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറിച്ച്, നിങ്ങളുടെ അസാന്നിധ്യത്തില്‍ കുടുംബത്തിന് നഷ്ടമാകുന്ന വരുമാനം നികത്തുക എന്നതാണ് ഇത് ചെയ്യുന്നത്.

കുറഞ്ഞ പ്രീമിയം, ഉയര്‍ന്ന പരിരക്ഷ

വീട്ടില്‍ ഒരാള്‍ മാത്രം ജോലിക്ക് പോകുന്ന ഒരു കുടുംബത്തെക്കുറിച്ച് ചിന്തിക്കുക. അവര്‍ക്ക് ഭവനവായ്പ, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, പ്രായമായ മാതാപിതാക്കളുടെ ചിലവുകള്‍ എന്നിവയെല്ലാം ഉണ്ടാകും. വരുമാനമുള്ള വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ കുടുംബം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആ വരുമാനം നിലച്ചുപോകുന്നതാണ്. ഇവിടെയാണ് ടേം ഇന്‍ഷുറന്‍സ് ഏറ്റവും വലിയ ആശ്വാസമാകുന്നത്. ഇത് ഇന്‍ഷുറന്‍സിനൊപ്പം നിക്ഷേപവും കൂട്ടിക്കലര്‍ത്താത്തത് കൊണ്ട് തന്നെ, മറ്റ് പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ അപേക്ഷിച്ച് പ്രീമിയം വളരെ കുറവായിരിക്കും. അതിനാല്‍ കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന കവറേജ് സ്വന്തമാക്കാനും, കുടുംബത്തിന് ശക്തമായ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാനും സാധിക്കും.

ഇന്‍ഷുറന്‍സും നിക്ഷേപവും രണ്ടാണെന്ന് തിരിച്ചറിയുക

കൃത്യമായ വരുമാനമോ സമ്പാദ്യമോ ലക്ഷ്യമിട്ട് പലരും എന്‍ഡോവ്മെന്റ് പ്ലാനുകളോ മറ്റ് നിക്ഷേപ അധിഷ്ഠിത ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളോ എടുക്കാറുണ്ട്. അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ മതിയായ ലൈഫ് കവറിന് പകരമാകുമെന്ന് കരുതുന്നത് വലിയ തെറ്റാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു നിശ്ചിത തുക വാഗ്ദാനം ചെയ്യുന്ന ഇത്തരം പോളിസികള്‍ പലപ്പോഴും ടേം പ്ലാനിനെ അപേക്ഷിച്ച് വളരെ ചെറിയ ലൈഫ് കവര്‍ ആകും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സും നിക്ഷേപവും രണ്ട് വ്യത്യസ്ത തീരുമാനങ്ങളായി കാണണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. കുടുംബത്തിന്റെ സംരക്ഷണത്തിന് ഇന്‍ഷുറന്‍സും, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി മറ്റ് നിക്ഷേപ മാര്‍ഗങ്ങളും തെരഞ്ഞെടുക്കുക.

എപ്പോഴാണ് ഒന്നിലധികം പോളിസികള്‍ വേണ്ടിവരുന്നത്?

ചില സാഹചര്യങ്ങളില്‍ ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് ഗുണം ചെയ്യും. ഉദാഹരണത്തിന്, നേരത്തെ തന്നെയുള്ള ഒരു പഴയ എന്‍ഡോവ്മെന്റ് പോളിസി തുടരാന്‍ താല്പര്യമുണ്ടാകാം. മറ്റൊന്ന്, തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ലൈഫ് കവറേജ് ഉള്ള ഒരാള്‍ക്ക് സ്വന്തമായി ഒരു വ്യക്തിഗത ടേം പ്ലാന്‍ കൂടി എടുക്കാം. കാരണം, ജോലി മാറുമ്പോള്‍ കമ്പനി നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാകാന്‍ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഓഗസ്റ്റ് 31 അവസാന തീയതി; സെപ്റ്റംബർ 1 മുതൽ സാമ്പത്തിക കാര്യങ്ങളിൽ വൻ മാറ്റങ്ങൾ
വിവാഹ മോചനം നേടിയാലും അവസാനിക്കുന്നില്ല ഉത്തരവാദിത്തങ്ങൾ; ഹോം ലോൺ അടച്ചു തീർക്കേണ്ടത് ആര് ?