സന്തോഷ വാർത്ത: 2021 ൽ ഇന്ത്യയിൽ ശരാശരി 6.4 ശതമാനം വേതനം ഉയരുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Feb 12, 2021, 2:45 PM IST
Highlights

ഇന്ത്യയിൽ സർവേയുടെ ഭാഗമായ കമ്പനികളിൽ 37 ശതമാനത്തിന് മാത്രമാണ് ബിസിനസ് വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കുന്നത്. 

മുംബൈ: രാജ്യത്തെ തൊഴിലാളികൾക്ക് സന്തോഷകരമായ വാർത്ത. വേതനത്തിൽ ശരാശരി 6.4 ശതമാനം വർധനവുണ്ടാകുമെന്ന് വിൽസ് ടവേർസ് വാട്സൺസിന്റെ വേതന ബജറ്റ് പ്ലാനിങ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വർധന 5.9 ശതമാനമായിരുന്നു. ഇതിൽ നിന്നും ഉയർന്നതാണ് ഇത്. 

ഇന്ത്യയിൽ സർവേയുടെ ഭാഗമായ കമ്പനികളിൽ 37 ശതമാനത്തിന് മാത്രമാണ് ബിസിനസ് വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കുന്നത്. 2020 ലെ മൂന്നാം പാദവാർഷികത്തിൽ വരുമാന വളർച്ച പ്രതീക്ഷിക്കുന്ന കമ്പനികളുടെ എണ്ണം വെറും 18 ശതമാനമായിരുന്നു.

ഇന്ത്യൻ കമ്പനികൾ 6.4 ശതമാനം വേതന വർധനവ് നൽകുമെന്ന് വ്യക്തമാക്കുമ്പോൾ, ഏഷ്യാ പസഫിക് മേഖലയിലെ മറ്റ് പ്രധാന രാജ്യങ്ങളിലെ പ്രതീക്ഷിക്കുന്ന വേതന വർധനവ് ഇങ്ങിനെയാണ്. ഇന്തോനേഷ്യ 6.5 ശതമാനം, ചൈന ആറ് ശതമാനം, ഫിലിപൈൻസ് അഞ്ച് ശതമാനം, സിങ്കപ്പൂർ 3.5 ശതമാനം, ഹോങ്കോങ് മൂന്ന് ശതമാനം.

ഇന്ത്യയിലെ വിവിധ കമ്പനികളിലെ ആകെ ജീവനക്കാരിൽ 10.3 ശതമാനം പേർക്ക് 20.6 ശതമാനം വരെ വേതനം വർധിക്കും. ശരാശരി പ്രകടന മികവുള്ളവർക്ക് ഒരു രൂപ വർധിക്കുമ്പോൾ മികവുറ്റ പ്രകടന മികവുള്ളവർക്ക് 2.35 രൂപയും ശരാശരിയിലും മികച്ച പ്രകടനമുള്ളവർക്ക് 1.25 രൂപയും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

click me!