2,000% ലാഭം! ഇത് അംബാനി സ്റ്റൈല്‍; ചെലവാക്കിയത് 500 കോടി, ലാഭം 10,000 കോടി

Published : May 14, 2025, 03:44 PM IST
2,000% ലാഭം! ഇത് അംബാനി സ്റ്റൈല്‍; ചെലവാക്കിയത് 500 കോടി, ലാഭം 10,000 കോടി

Synopsis

500 കോടി രൂപയുടെ നിക്ഷേപം ഏകദേശം 10,000 കോടി രൂപയാണ് ഈ നിക്ഷേപത്തിലൂടെ മുകേഷ് അംബാനി സ്വന്തമാക്കാന്‍ പോകുന്നത്!

ദില്ലി:  2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് ആഞ്ഞടിച്ച സമയം. എങ്ങും ഭീതിയും അനിശ്ചിതത്വവും മാത്രം. എന്നാല്‍  അതിസമ്പന്നനും ഒന്നാന്തരം ബിസിനസുകാരനുമായ മുകേഷ് അംബാനി അന്ന് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ ചെറിയൊരു നിക്ഷേപം നടത്തി. വെറും 500 കോടി രൂപയുടെ ഒരു നിക്ഷേപം! എന്നാല്‍ ഇപ്പോള്‍ കേട്ടാല്‍ വിശ്വസിക്കാത്ത ലാഭം, ഏകദേശം 10,000 കോടി രൂപയാണ് ഈ നിക്ഷേപത്തിലൂടെ അദ്ദേഹം സ്വന്തമാക്കാന്‍ പോകുന്നത്.

അവിശ്വസനീയമെന്ന് തോന്നാമെങ്കിലും യാഥാര്‍ത്ഥ്യമാണിത്. പെയിന്‍റ് വിപണിയില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരായ ഏഷ്യന്‍ പെയിന്‍റ്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ നിക്ഷേപം ഇന്ന് 10,500 കോടി രൂപയുടെ വമ്പന്‍ ആസ്തിയായി വളര്‍ന്നിരിക്കുന്നു. 2008 ജനുവരിയില്‍, വിപണികള്‍ ലീമാന്‍ ബ്രദേഴ്സിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് കൂപ്പുകുത്തിക്കൊണ്ടിരുന്ന സമയത്താണ് റിലയന്‍സിന്‍റെ നിക്ഷേപ വിഭാഗമായ ഒജാസ്വി ട്രേഡിംഗ് ഏഷ്യന്‍ പെയിന്‍റ്സില്‍ 4.9% ഓഹരി സ്വന്തമാക്കിയത്. പ്രതികൂല സാഹചര്യത്തിലും നടത്തിയ ഈ ധീരമായ നീക്കം വന്‍ ലാഭമാണ് റിലയന്‍സിന് സമ്മാനിച്ചിരിക്കുന്നത്.

ഏകദേശം രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം, ഈ ഓഹരികള്‍ മുഴുവനായി വിറ്റഴിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഷ്യന്‍ പെയിന്‍റ്സ് ഓഹരികള്‍ 25% ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അംബാനി ഓഹരികള്‍ വില്‍ക്കുന്നത്. ഒരു കാലത്ത് അജയ്യമായിരുന്ന ഏഷ്യന്‍ പെയിന്‍റ്സ് ഇപ്പോള്‍ കടുത്ത മല്‍സരം നേരിടുകയാണ് - പ്രത്യേകിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ പിന്തുണയുള്ള പുതിയ സംരംഭമായ ബിര്‍ള ഓപസ് പെയിന്‍റ്സില്‍ നിന്ന്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഏഷ്യന്‍ പെയിന്‍റ്സിന്‍റെ വിപണി വിഹിതം 59% ല്‍ നിന്ന് 52% ആയി കുറഞ്ഞു. നഗരങ്ങളിലെ ഡിമാന്‍ഡ് കുറഞ്ഞതും ദീപാവലി നേരത്തെ വന്നതും കാരണം കഴിഞ്ഞ നാല് പാദങ്ങളിലും കമ്പനിയുടെ വരുമാന വളര്‍ച്ച മന്ദഗതിയിലായിരുന്നു. ഇതിലും ആശങ്കാജനകമായ കാര്യം ലാഭത്തിലെ സമ്മര്‍ദ്ദമാണ്. അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞിട്ടും, ഉയര്‍ന്ന റിബേറ്റുകളും വര്‍ദ്ധിച്ചുവരുന്ന മത്സരവും മൊത്ത ലാഭത്തില്‍ വര്‍ഷം തോറും കുറവുണ്ടാക്കിയിട്ടുണ്ട്.അംബാനി ആദ്യമായിട്ടല്ല ഈ ഓഹരി വിറ്റഴിക്കാന്‍ ആലോചിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ്, ജിയോയുടെ വലിയ തോതിലുള്ള മൂലധന ചെലവുകള്‍ക്ക് ശേഷം കടബാധ്യത കുറയ്ക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമായി, റിലയന്‍സ് ഈ ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് പരിഗണിച്ചിരുന്നു. എന്നാല്‍ ആ പദ്ധതി യാഥാര്‍ത്ഥ്യമായില്ല.

ഓഹരികളില്‍ ഇടിവ്

വാര്‍ത്ത പുറത്തുവന്നതോടെ ഏഷ്യന്‍ പെയിന്‍റ്സിന്‍റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ ഏകദേശം 2% ഇടിഞ്ഞു. 46 രൂപ നഷ്ടത്തില്‍ 2,278 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. പുതിയ ബ്രാന്‍റുകള്‍ വിപണിയിലേക്ക് കടന്നുവരുന്നത് വഴി വിപണി വിഹിതം കുറയാന്‍ സാധ്യതയുണ്ടെന്ന് ഏഷ്യന്‍ പെയിന്‍റ്സ് തങ്ങളുടെ നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് ശേഷം  സൂചിപ്പിച്ചിരുന്നു.

ഏഷ്യന്‍ പെയിന്‍റ്സ് നാലാം പാദ ഫലം

ഏഷ്യന്‍ പെയിന്‍റ്സ് നാലാം പാദത്തില്‍ 692.13 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 1,256.72 കോടി രൂപയെ അപേക്ഷിച്ച് 45% കുറവാണ്. വരുമാനം 4.3% കുറഞ്ഞ് 8,358.91 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 8,730.76 കോടി രൂപയായിരുന്നു.

നിയമപരമായ മുന്നറിയിപ്പ് : ഈ വാര്‍ത്താ ലേഖനം വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇവിടെ നല്‍കിയിട്ടുള്ള കാഴ്ചപ്പാടുകളും ശുപാര്‍ശകളും വ്യക്തിഗത വിശകലന വിദഗ്ധരുടെയോ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെയോ ആണ്, ഏഷ്യാനേറ്റിന്‍റേതല്ല. ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് വിദഗ്ധരുമായി ബന്ധപ്പെടുക

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം