ആമസോൺ പേയിലേക്ക് 450 കോടിയുടെ നിക്ഷേപം; ലക്ഷ്യം ഇന്ത്യയിലെ ഫെസ്റ്റീവ് സീസൺ

By Web TeamFirst Published Sep 24, 2021, 5:31 PM IST
Highlights
ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി അമേരിക്കൻ ഇ-കൊമേഴ്സ് ഭീമൻ ആമസോൺ തങ്ങളുടെ ഡിജിറ്റൽ പേമെന്റ് സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചത് 450 കോടി രൂപ. 

ദില്ലി: ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി അമേരിക്കൻ ഇ- കൊമേഴ്സ് ഭീമൻ ആമസോൺ തങ്ങളുടെ ഡിജിറ്റൽ പേമെന്റ് സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചത് 450 കോടി രൂപ. വാൾമാർട്ടിന്റെ ഫോൺപേ, അലിബാബ ഗ്രൂപ്പിന്റെ പേടിഎം, ഗൂഗിളിന്റെ ഗൂഗിൾ പേ എന്നിവയ്ക്ക് എതിരായ മത്സരം ശക്തമാക്കിയിരിക്കുകയാണ് ആമസോണും.

സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ കോർപറേറ്റ് ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ്, മൗറീഷ്യസ് ആസ്ഥാനമായ ആമസോൺ.കോം ലിമിറ്റഡ് എന്നിവിടങ്ങളിൽ നിന്നാണ് പണമെത്തിയത്. സെപ്തംബർ 17നാണ് ആമസോൺ പേയിലേക്ക് 450 കോടി രൂപ നിക്ഷേപമെത്തിയത്. 10 രൂപ നിരക്കിലുള്ള ഇക്വിറ്റി ഓഹരികളാണ് കമ്പനികൾക്ക് അനുവദിച്ചത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റ് സെക്ടർ ഒരു ലക്ഷം കോടി ഡോളർ വലിപ്പമുള്ളതായി മാറുമെന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ 45 ശതമാനം വിഹിതവുമായി ഫോൺപേയാണ് മുന്നിലുള്ളത്. ഗൂഗിൾ പേ, പേടിഎം ആമസോൺ പേ എന്നിവരെല്ലാം പിന്നിലാണ്.

കൊവിഡ് മൂലം  ഉപഭോക്താക്കൾ അവശ്യവസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ ഇ-കൊമേഴ്‌സിനെ വളരെയധികം ആശ്രയിക്കുന്നുന്നുണ്ട്. ഈ സാഹചര്യത്തിൽ ആമസോൺ പേ അതിവേഗം ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്. ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്റ് മുതൽ ക്രെഡിറ്റ് വരെ ആമസോൺ പേ വഴി രാജ്യത്തെ ഒന്നിലധികം മേഖലകൾ പിടിക്കാനാണ് ആമസോൺ ശ്രമം.

click me!