
തിരുവനന്തപുരം: വിലക്കയറ്റം(price hike) പിടിച്ചുനിര്‍ത്താൻ ആവശ്യമായതെല്ലാം സര്‍ക്കാര്‍ (government)ചെയ്യുമെന്ന് കൃഷിമന്ത്രി(agriculture minister) പി.പ്രസാദ്(p prasad). പച്ചക്കറിയുടെ വിലക്കയറ്റം ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് ഉൽപാദനം കൂട്ടി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു.
ഹോര്‍ട്ടികോര്‍പ്പ് സുസജ്ജമാണ്. ബജറ്റിൽ ആദ്യമായി ഹോര്‍ട്ടികോര്‍പ്പിന് പണം അനുവദിച്ചിട്ടുണ്ട്. വിപണിയിലെ ഇടപെടലിനും,വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമാണ് ഈ പണം വിനിയോഗിക്കുകയെന്നും കൃഷിമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വേനൽ കടുത്തതോടെ കൃഷി കുിറയുകയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറയുകയും ചെയ്തേക്കാം. ഇത് പച്ചക്കറി വില ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് വില പിടിച്ചു നിർത്താനുള്ള വിപണി ഇടപെടലുമായി സർക്കാർ രംഗത്തെത്തിയത്.
ലിറ്ററിന് അഞ്ച് രൂപ കൂട്ടണം, പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ
തിരുവനന്തപുരം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് അടുത്ത അടിക്ക് കളമൊരുങ്ങുന്നു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില, കാരണം ഇതാണ്
തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി (Chicken price) വില കുതിക്കുന്നു. 240 രൂപയാണ് കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാൻ കാരണമായി എന്ന് കച്ചവടക്കാർ പറയുന്നു.
രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി.
കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്.
90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോള്‍ 103 രൂപ വരെ എത്തിയെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ ചെറുകിട കോഴിക്കര്‍ഷകര്‍ രംഗത്തുനിന്ന് പിന്‍വാങ്ങിയതിനാല്‍ തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തുന്നത്. വിപണിയില്‍ മത്സരം കുറഞ്ഞതും വില ഉയരാന്‍ കാരണമായി.
കോഴിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുകയും കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കോഴി കര്‍ഷകര്‍ക്കും നല്‍കി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപ്പെട്ടു. ചിക്കന് വില കൂടിയതോടെ ഇറച്ചി വിഭവങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനം. വില ഇങ്ങനെ കുതിച്ച് കയറിയാല്‍ ചിക്കന്‍ വിഭവങ്ങള്‍ വാങ്ങുമ്പോള്‍ കൈ പൊള്ളും. കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു.
കേരളത്തില്‍ മാത്രമല്ല, ചിക്കന്‍ ഉല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന തമിഴ്‌നാട്ടിലും ആന്ധ്രയിലും വില കുതിക്കുകയാണ്. കനത്ത ചൂടിനെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് ആന്ധ്രയിലെ വ്യാപാരികള്‍ പറയുന്നു. ചൂടുകൂടിയ കാലത്ത് കൃഷി ചെയ്യുന്ന കോഴികളിലെ മരണനിരക്ക് അധികമായിരിക്കും.