ജെറ്റ് എയര്‍വേസ് വിമാനങ്ങളെ 'കണ്ണുവച്ച്' എയര്‍ ഇന്ത്യ എക്സ്‍പ്രസ്; സുപ്രധാന സ്ലോട്ടുകള്‍ നേടിയെടുക്കാനും ശ്രമം

By Web TeamFirst Published Apr 23, 2019, 4:29 PM IST
Highlights

സുപ്രധാന സ്ലോട്ടുകള്‍ ലഭിക്കുകയും വിമാനങ്ങള്‍ പാട്ടത്തിന് ലഭിക്കുകയും ചെയ്താല്‍ ഈ ലക്ഷ്യം വളരെ മുന്നേ നേടിയെടുക്കാമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കണക്കുകൂട്ടല്‍. 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടേണ്ടി വന്ന ജെറ്റ് എയര്‍വേസിന്‍റെ ഏതാനും വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജെറ്റ് എയര്‍വേസിന്‍റെ ബോയിങ് 737 വിമാനങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് കണ്ണ്. ഇതിനായുളള ശ്രമങ്ങള്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ആരംഭിച്ചതായാണ് വിവരം.

എന്നാല്‍, പ്രധാന സ്ലോട്ടുകള്‍ കിട്ടാല്‍ മാത്രം വിമാനങ്ങള്‍ പാട്ടത്തിനെടുത്താല്‍ മതിയെന്ന നിലപാടാണ് കമ്പനിക്കുളളത്. നിലവില്‍ 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് സ്വന്തമായുളളത്. 2021 ഓടെ ആകെ ഫ്ലീറ്റ് 36 ലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിട്ടുളളത്. സുപ്രധാന സ്ലോട്ടുകള്‍ ലഭിക്കുകയും വിമാനങ്ങള്‍ പാട്ടത്തിന് ലഭിക്കുകയും ചെയ്താല്‍ ഈ ലക്ഷ്യം വളരെ മുന്നേ നേടിയെടുക്കാമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കണക്കുകൂട്ടല്‍. 

ജെറ്റിന്‍റെ വിമാനങ്ങള്‍ ബിസിനസ്സ് ക്ലാസ് വിഭാഗം കൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനി ബജറ്റ് എയര്‍വേസാണ്. ജെറ്റ് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിമാനങ്ങളുടെ പാട്ടം സംബന്ധിച്ച നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മാതൃ കമ്പനിയായ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. 
 

click me!