
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റര്‍ ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി മുകേഷ് അംബാനി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് റിലയന്‍സ് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റര്‍ ഗുജറാത്തിലെ ജാംനഗറില്‍ ആരംഭിക്കുന്നതിനാണ് ആലോചിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ഗ്രാഫിക് പ്രോസസ്സര്‍, കമ്പ്യൂട്ടര്‍ ചിപ്പ്സെറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് സെമികണ്ടക്ടറുകള്‍ വാങ്ങും. യുഎസ് ആസ്ഥാനമായുള്ള എന്‍വിഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നുകൂടിയാണ്. മൂന്ന് ജിഗാവാട്ട് ശേഷിയാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ സെന്‍റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ഒരു ഗിഗാവാട്ടില്‍ താഴെ ശേഷിയുള്ള നിലവിലുള്ള ഏറ്റവും വലിയ ഡാറ്റാ സെന്‍ററിനെ അത് മറികടക്കും.
പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ പരമാവധി ഉപയോഗിച്ചായിരിക്കും റിലയന്‍സിന്‍റെ പുതിയ ഡാറ്റാ സെന്‍റര്‍ ജാംനഗറില്‍ പ്രവര്‍ത്തിക്കുക. സൗരോര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന്, ബാറ്ററി , ഫോസില്‍ ഇന്ധനങ്ങള്‍ തുടങ്ങിയ ഊര്‍ജസ്രോതസുകളും ഉപയോഗിക്കും. ജാംനഗറിലെ റിലയന്‍സിന്‍റെ ഡാറ്റാ സെന്‍റര്‍ ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ നിലവിലുള്ള ഡാറ്റാ സെന്‍റര്‍ ശേഷി മൂന്നിരട്ടിയാക്കുകയും ചെയ്യും.
എന്താണ് ഡാറ്റസെന്‍റര്‍?
വലിയ സ്ഥാപനങ്ങളിലും കമ്പനികളിലും അവരുടെ വിലപ്പെട്ട ഡാറ്റകള്‍ സൂക്ഷിക്കുന്നതിനും പ്രൊസസ്സ് ചെയ്യുന്നതിനും ആവശ്യക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനും വേണ്ടി നല്ല ശേഷി കൂടിയ ക്ഷമതയുള്ള സര്‍വറുകളും നെറ്റ് വര്‍ക്കിങ്ങ് ഉപകരണങ്ങളും ഉണ്ടാവും. ഇത്തരം ഉപകരണങ്ങള്‍ സൂക്ഷിയ്ക്കാനുള്ള ഒരു സ്ഥിരമായ സംവിധാനത്തെയാണ് ഡാറ്റസെന്‍റര്‍ എന്നു പറയുന്നത്.