റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ഡയറക്ടര്‍ സ്ഥാനം രാജിവച്ച് അനില്‍ അംബാനി

By Web TeamFirst Published Nov 16, 2019, 8:45 PM IST
Highlights

ഛായ വിരാനി, റിയാന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് രാജിവച്ച നാലുപേര്‍. ശനിയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവച്ച വിവരം അറിയിച്ചത്. 

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ഡയറക്ടര്‍ പദവില്‍ നിന്നും അനില്‍ അംബാനി  രാജി വച്ചു. മറ്റ് നാല് ഡയറക്ടര്‍ക്കൊപ്പമാണ് അനിലിന്‍റെ രാജി. അനില്‍ ദീരുഭായി അംബാനി റിലയന്‍സ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങള്‍ പലതും വിറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നത്. 

ഛായ വിരാനി, റിയാന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് രാജിവച്ച നാലുപേര്‍. ശനിയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവച്ച വിവരം അറിയിച്ചത്. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി മണികണ്ഠന്‍ നേരത്തേ പദവിയില്‍ നിന്നും രാജിവച്ചിരുന്നു.

റിലയന്‍സിന്‍റെ ഷെയര്‍ വെള്ളിയാഴ്ച 0.59 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. അതില്‍ തന്നെ 3.28 ശതമാനം ഇടിയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ലാഭമായ 1,141 കോടി രൂപയെ തട്ടിച്ച് നോക്കുമ്പോള്‍ വെള്ളിയാഴ്ച പുറത്തുവന്ന കണക്കില്‍ സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ച ശേഷം രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്പനിയുടെ നഷ്ടം 30,142 കോടിയാണ്. 

അതേസമയം വോഡാഫോണ്‍ ഐഡിയയുടെ ജൂലൈ- സെപ്തംബര്‍ മാസത്തിലെ നഷ്ടം 50,921.9 കോടി രൂപയാണ്. 23,000 കോടിയാണ് ഭാരതി എയര്‍ടെലിന്റെ നഷ്ടമെന്ന് വ്യാഴാഴ്ച വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ ഓഗസ്റ്റില്‍ നിര്‍ത്തിയിരുന്നു.
 

click me!