40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം; അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

Published : Oct 13, 2023, 06:31 PM IST
40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം; അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

Synopsis

60 മെഗാ വാട്ടിന്റെ പുരപ്പുറ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആറ് മാസം കൂടി സമയം നീട്ടി നല്‍കിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

തിരുവനന്തപുരം: നാല്‍‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിയാണ് സൗര. നിലവില്‍ സംസ്ഥാനത്തെ 35,000ലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ‘സൗര’പദ്ധതിയുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആറു മാസം കൂടി സമയം അനുവദിച്ചതായി കെഎസ്ഇബി അറിയിച്ചു. 

നിലവില്‍ സൗര പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍  പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണമാണ് ഇനി ബാക്കിയുള്ളത്. 2024 മാര്‍ച്ച് 23യാണ് ഇതിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം  സമയം അനുവദിച്ചിരിക്കുന്നത്. ഇനിയും സൗര പദ്ധതിയുടെ ഭാഗമായി സോളാര്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  കെ.എസ്.ഇ.ബിയുടെ ഇ കിരണ്‍ പോര്‍‍‍‍ട്ടലിലൂടെ അപേക്ഷിക്കാം. വെബ്സൈറ്റ് - https://ekiran.kseb.in

Read also: ഇനിയും 'ഷോക്കോ'? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

അതേസമയം വൈദ്യുതി ബില്ലുകളിലെ ദീര്‍ഘകാല കുടിശ്ശിക വൻ പലിശ ഇളവോടെ അനായാസം അടയ്ക്കുന്നതിന് അവസരമൊരുക്കുകയാണ് കെ.എസ്.ഇ.ബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി.
രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഈ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ ഇപ്പോള്‍ തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.

15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് നാല് ശതമാനം പലിശ മാത്രേ ഇടാക്കൂ. അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് അഞ്ച് ശതമാനം അടച്ചാല്‍ മതിയാവും. രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് ആറ് ശതമാനമാണ് പലിശ. വൈദ്യുതി കുടിശ്ശികയുടെ പലിശ ആറ് തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ രണ്ട് ശതമാനത്തിന്റെ അധിക ഇളവും ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ