Stock Market : വമ്പൻ ഇടിവിന് ശേഷം നേട്ടമുണ്ടാക്കി സെൻസെക്സും നിഫ്റ്റിയും

By Web TeamFirst Published Dec 21, 2021, 4:45 PM IST
Highlights

ഒമിക്രോണ്‍ വൈറസിനെ കുറിച്ചുള്ള ഭീതിയുണ്ടെങ്കിലും ഇതിന്റെ പ്രത്യാഘാതം ഇതുവരെ കനത്തതാകാതിരിക്കുന്നതാണ് വിപണിക്ക് ആശ്വാസമേകുന്നത്

മുംബൈ: തുടർച്ചയായി രണ്ട് ദിവസം നേരിട്ട വമ്പൻ തകർച്ചയ്ക്ക് ശേഷം ഓഹരി വിപണിക്ക് ഇന്ന് ആശ്വാസ നേട്ടം. എല്ലാ സെക്ടറുകളിലും ഇന്ന് നേട്ടമുണ്ടായി.  ഐടി, മെറ്റല്‍, റിയാല്‍റ്റി സെക്ടറുകളിലെ സ്റ്റോക്കുകൾ വലിയ നേട്ടമുണ്ടാക്കി.  നിഫ്റ്റി 157 പോയിന്റ് ഉയര്‍ന്ന് 16770 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 497 പോയിന്റ് ഉയര്‍ന്ന് 56319 ൽ വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി 168 പോയിന്റ് ഉയര്‍ന്ന് 34607ൽ ആണ് ഇന്നത്തെ വിപണനം അവസാനിപ്പിച്ചത്. ആഗോള വിപണികളും നേട്ടത്തിലായത് ഇന്ന് ഇന്ത്യൻ ഓഹരി വിപണികളെ സഹായിച്ചു. ജപ്പാന്‍, കൊറിയന്‍, ചൈനീസ് വിപണികളിലും നേട്ടമുണ്ടായി. ഒമിക്രോണ്‍ വൈറസിനെ കുറിച്ചുള്ള ഭീതിയുണ്ടെങ്കിലും ഇതിന്റെ പ്രത്യാഘാതം ഇതുവരെ കനത്തതാകാതിരിക്കുന്നതാണ് വിപണിക്ക് ആശ്വാസമേകുന്നത്. നിഫ്റ്റി ഇന്ന് വ്യാപാരത്തിനിടെ 330 പോയിന്റ് ഉയര്‍ന്ന് 16936 ൽ എത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം ബാങ്കിംഗ് ഓഹരികളില്‍ തളര്‍ച്ചയുണ്ടായതും ലാഭമെടുപ്പും 150 പോയിന്റ് നഷ്ടമാകാൻ കാരണമായി. 

നേട്ടമുണ്ടാക്കിയ ഓഹരികൾ: എച്ച്‌സിഎല്‍ ടെക്, വിപ്രോ, യുപിഎല്‍, അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, ടൈറ്റന്‍ കമ്പനി

മൂല്യമിടിഞ്ഞ ഓഹരികൾ: പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, സിപ്ല, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയവ

click me!