വമ്പൻ കരാർ! വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്; ഫ്‌ലൈയിങ് വെയില്‍സുമായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു

Published : Jul 22, 2026, 05:10 PM IST
Mother ship

Synopsis

പ്രമുഖ കമ്പനിയായ ഭാരത് ഫോർജ്, ഫ്രഞ്ച്-കനേഡിയൻ എയ്റോസ്പേസ് കമ്പനിയായ 'ഫ്‌ലൈയിങ് വെയിൽസു'മായി ചേർന്ന് ഇന്ത്യൻ പ്രതിരോധ മേഖലയ്ക്കായി വൻകിട എയർഷിപ്പുകൾ നിർമ്മിക്കുന്നു. 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി, 60 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള 'എൽസിഎ60ടി' എയർഷിപ്പുകളാണ് ഇന്ത്യയിൽ നിർമ്മിക്കുക.

ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തു പകരാന്‍ ലക്ഷ്യമിട്ട് വന്‍കിട എയര്‍ഷിപ്പുകളുടെ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് പ്രമുഖ കമ്പനിയായ ഭാരത് ഫോര്‍ജ്. ഇതിനായി ഫ്രഞ്ച്- കനേഡിയന്‍ എയ്റോസ്പേസ് കമ്പനിയായ 'ഫ്‌ലൈയിങ് വെയില്‍സു'മായി ഭാരത് ഫോര്‍ജ് തന്ത്രപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ വച്ചാണ് ഈ നിര്‍ണായക കരാര്‍ ഒപ്പുവച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്', 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഇത്തരം അത്യാധുനിക എയര്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. പുതിയ കരാര്‍ പ്രകാരം, പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള എയര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും വികസിപ്പിക്കാനും ഭാരത് ഫോര്‍ജിന്റെ എയ്റോസ്പേസ് വിഭാഗവും ഫ്‌ലൈയിങ് വെയില്‍സും ഒന്നിച്ച് പ്രവര്‍ത്തിക്കും. വളര്‍ന്നുവരുന്ന എയ്റോസ്പേസ് മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ ഇതിലൂടെ സാധിക്കും.

എന്താണ് എല്‍സിഎ60ടി ?

ഒറ്റത്തവണ 60 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഫ്‌ലൈയിങ് വെയില്‍സിന്റെ 'എല്‍സിഎ60ടി' എയര്‍ഷിപ്പുകളാണ് ഈ കൂട്ടായ്മയിലൂടെ പ്രധാനമായും ഇന്ത്യയില്‍ നിര്‍മിക്കുക. ഹെലികോപ്റ്ററുകളെ പോലെ ലംബമായി പറന്നുയരാനും താഴെയിറങ്ങാനും ഇവയ്ക്ക് സാധിക്കും. ഹൈബ്രിഡ്-ഇലക്ട്രിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ഷിപ്പുകള്‍ക്ക് വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമില്ല. അതിനാല്‍ തന്നെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും വിദൂരവുമായ പ്രദേശങ്ങളില്‍ ഇവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

പ്രതിരോധ മേഖലയിലെ ഉപയോഗങ്ങള്‍

അതിര്‍ത്തികളിലേക്കും മറ്റും സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുക, വലിപ്പമേറിയ സൈനിക ഉപകരണങ്ങളുടെ ഗതാഗതം, നിരീക്ഷണം, ആശയവിനിമയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ എയര്‍ഷിപ്പുകള്‍ വലിയൊരു മുതല്‍ക്കൂട്ടാകും. ഈ പദ്ധതിയിലൂടെ ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമായ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടാതെ, ഇന്ത്യയുടെ എയ്റോസ്പേസ് വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനും ഭാവിയില്‍ മികച്ച കയറ്റുമതി സാധ്യതകള്‍ തുറക്കാനും ഇതിലൂടെ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

'ഇന്ദിരമ്മ ഇന്ദ്ലു' സ്ഥലം കൊടുക്കേണ്ട, 5 ലക്ഷം രൂപ സബ്‌സിഡി! പാവപ്പെട്ടവർക്ക് സ്വന്തമായി നഗരത്തിൽ ഫ്ലാറ്റുകൾ വച്ച് നൽകാൻ തെലങ്കാന സർക്കാർ
ഇനി വസ്ത്രങ്ങൾക്കും തീവിലയാകുമോ? ഇന്ത്യൻ വസ്ത്രവിപണിയെ അങ്കലാപ്പിലാക്കി ആശങ്ക; വിലകൂടാൻ കാരണം പശ്ചിമേഷ്യയിലെ യുദ്ധം