കോടതി ഉത്തരവിന്‍റെ മറവില്‍ കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി, പ്രതിഷേധം ശക്തം

By Web TeamFirst Published Jan 2, 2022, 1:42 PM IST
Highlights

കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതിന് പിന്നാലെ കുപ്പിവെള്ള കമ്പനികള്‍ വില കുത്തനെ കൂട്ടി. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കി.

കൊച്ചി: ഹൈക്കോടതി ഉത്തരവിന്‍റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില (Water Price) കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടെതന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍പെടുത്തി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി 13 രൂപയായി നിശ്ചയിച്ചത്. ഇതിനെതിരെ കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി രണ്ടാഴ്ച മുന്‍പ് സ്റ്റേ ഉത്തരവ് നല്‍കിയത്. കുപ്പിവെള്ളത്തിന്‍റെ വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതിന് പിന്നാലെ കുപ്പിവെള്ള കമ്പനികള്‍ വില കുത്തനെ കൂട്ടി. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കിയ അടുത്ത ദിവസം കോടതി പരിഗണിക്കും.

tags
click me!