Latest Videos

ഇന്ത്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് കമ്പനിയുടെ ഭീഷണി

By Web TeamFirst Published Jan 28, 2021, 2:41 PM IST
Highlights

വിമാനങ്ങളും കപ്പലുകളും അടക്കം കണ്ടുകെട്ടാനാണ് കൈൺ എനർജി ഉദ്ദേശിക്കുന്നതെന്നാണ് വിവരം...

ദില്ലി: ഇന്ത്യയുടെ ആസ്തികൾ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി ബ്രിട്ടീഷ് ഊർജ്ജ കമ്പനി. വളരെക്കാലം നീണ്ട കോർപറേറ്റ് നികുതി കേസിൽ 1.2 ബില്യൺ ഡോളർ ബ്രിട്ടീഷ് ഊർജ കമ്പനിയായ കൈൺ എനർജി (Cairn Energy)ക്ക് ഇന്ത്യാ ഗവൺമെന്റ് നൽകണമെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണൽ കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഈ വിധി കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് ഭീഷണി.

വിമാനങ്ങളും കപ്പലുകളും അടക്കം കണ്ടുകെട്ടാനാണ് കൈൺ എനർജി ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ആദായ നികുതി വകുപ്പ് ബ്രീട്ടിഷ് കമ്പനിയുടെ ഇന്ത്യയിലെ ഉപകമ്പനിയുടെ പത്ത് ശതമാനം ഓഹരികൾ കണ്ടുകെട്ടിയതിനെതിരെയായിരുന്നു കേസ്. 2014 ലെ ഇന്ത്യ-യുകെ ഉഭയകക്ഷി നിക്ഷേപ കരാർ ഇന്ത്യ ലംഘിച്ചുവെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരം ഉടൻ നൽകണമെന്നായിരുന്നു 582 പേജുള്ള വിധിന്യായത്തിൽ പറഞ്ഞിരുന്നെങ്കിലും ഇത് അനുസരിക്കുമോയെന്ന് കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിധി അനുസരിക്കാതെ ആഴ്ചകൾ കടന്നുപോയതോടെയാണ് കമ്പനിയുടെ ഓഹരി ഉടമകൾ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതെന്ന് ഫിനാൻഷ്യൽ ടൈംസും റോയിട്ടേർസും റിപ്പോർട്ട് ചെയ്യുന്നു.

click me!