തൊഴില്‍ മേഖലയോട് 'കരുതലോടെ', തെരഞ്ഞെടുപ്പ് കാലത്തെ രോഷം പാഠമായെടുത്ത് സര്‍ക്കാര്‍

Published : Jul 23, 2024, 04:52 PM IST
തൊഴില്‍ മേഖലയോട് 'കരുതലോടെ', തെരഞ്ഞെടുപ്പ് കാലത്തെ രോഷം പാഠമായെടുത്ത് സര്‍ക്കാര്‍

Synopsis

തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരായി പ്രധാന ആയുധമാക്കിയതും തൊഴിലില്ലായ്മയായിരുന്നു. തൊഴില്‍, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കായി 1.48 ലക്ഷം കോടി രൂപയാണ് ബജറ്റ് വിഹിതമായി ധനമന്ത്രി നീക്കി വച്ചിരിക്കുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാണെന്ന കണക്കുകള്‍ക്കിടെ വളരെ സൂക്ഷ്മമായാണ് ബജറ്റ് ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരായി പ്രധാന ആയുധമാക്കിയതും തൊഴിലില്ലായ്മയായിരുന്നു. തൊഴില്‍, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കായി 1.48 ലക്ഷം കോടി രൂപയാണ് ബജറ്റ് വിഹിതമായി ധനമന്ത്രി നീക്കി വച്ചിരിക്കുന്നത്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളവും പ്രത്യേക സ്റ്റൈപ്പന്‍റ് പദ്ധതിയും ആണ് തൊഴില്‍ മേഖലയ്ക്കായുള്ള പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍. രാജ്യത്തെ പ്രധാനപ്പെട്ട 500 സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം ഒരു കോടി പേര്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം നല്‍കും. 5000 രൂപയായിരിക്കും സ്റ്റൈപ്പന്‍റ്. കൂടാതെ 6000 രൂപയുടെ ഒറ്റത്തവണ ധനസഹായവും ഇവര്‍ക്ക് ലഭിക്കും.

പുതിയതായി ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രോവിഡന്‍റ് ഫണ്ട് വിഹിതമായാണ് ഇത് നല്‍കുക. 210 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക.

സ്ത്രീകള്‍ക്ക് കൂടുതലായി തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഇവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, നൈപുണ്യ വികസനത്തിനുള്ള സഹായം എന്നിവ ലഭ്യമാക്കും. നിര്‍മാണ മേഖലയിലെ തൊഴിലവസരം കൂട്ടുന്നതിന് തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാവിനും ഇന്‍സെന്‍റീവ് ലഭ്യമാക്കും. അധികമായി നല്‍കുന്ന പിഎഫ് വിഹിതം പ്രതിമാസം 3000 രൂപ വീതം തൊഴില്‍ ദാതാക്കള്‍ക്ക് തന്നെ തിരികെ നല്‍കുന്നതാണ് പദ്ധതി.

പുതിയ മൂലധന നിക്ഷേപം കണ്ടെത്താനും അത് വഴി തൊഴിലവസരം ഉയര്‍ത്തുന്നതിനും സഹായം വേണമെന്ന സൂക്ഷ്മ ഇടത്തരം വ്യവസായ മേഖലയുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചു. ഇതിനായി മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനിടെ ജീവനൊടുക്കിയ പ്രമുഖർ; ബികെ ബൻസൽ മുതൽ സിജെ റോയ് വരെ
ഒരിത്തിരി ആശ്വാസം! സ്വർണ വില വീണ്ടും കുറഞ്ഞു; രണ്ട് തവണയായി ഗ്രാമിന് ഇന്ന് കുറഞ്ഞത് 785 രൂപ, പവന് വില 124080 രൂപ