റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ; യൂബറും ഒലയും നിരീക്ഷണത്തിൽ, നടപടി യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന്

Published : Sep 16, 2026, 11:18 AM IST
Rapido

Synopsis

യാത്രയ്ക്ക് മുൻപ് അധിക ചാർജ് ഈടാക്കിയതിന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. 'കൺഫേം ഷെയിമിംഗ്', 'ഇന്റർഫേസ് ഇന്റർഫെറൻസ്' തുടങ്ങിയ രീതികളിലൂടെ ഉപഭോക്താക്കളെ ചൂഷണം ചെയ്തതിനാണ് നടപടി. സമാനമായ നിയമലംഘനങ്ങൾക്ക് ഒലാ, യൂബർ എന്നീ ആപ്പുകൾക്കെതിരെയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

ദില്ലി: യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ഇന്ത്യയിലെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച പരമോന്നത നിയന്ത്രണ ബോഡിയാണ് ഇത്. യാത്രക്കാരനോട് അധികചാർജ് വാങ്ങാൻ ആപ്പിൽ സംവിധാനമൊരുക്കിയതിനാണ് നടപടി. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്ന് ആപ്പുകൾക്ക്‌ നേരത്തെ ഗതാഗത മന്ത്രാലയം നിർദേശം നൽകിയിരുന്നു.

അനാവശ്യ പ്രീ-റൈഡ് ടിപ്പിംഗ് (Pre-ride Tipping), ഡൈനാമിക് പ്രൈസിംഗ് (Dynamic Pricing) തുടങ്ങിയ അനുചിതമായ രീതികൾക്കെതിരെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നടപടി കർശനമാക്കിയത്. 'ഗൈഡ്‌ലൈൻസ് ഫോർ പ്രിവൻഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഡാർക്ക് പാറ്റേൺസ്, 2023' പ്രകാരം നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിസിപിഎ നേരത്തെ ഒലാ, യൂബർ, റാപ്പിഡോ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ചിരുന്നു.

റാപ്പിഡോയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ

'കൺഫേം ഷെയിമിംഗ്' (Confirm Shaming): യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് കൂടുതൽ തുക നൽകിയില്ലെങ്കിൽ റൈഡ് ലഭിക്കില്ലെന്ന ഭയം ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന രീതിയാണിത്. കൂടുതൽ തുക നൽകിയാൽ റൈഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന തരത്തിലുള്ള സന്ദേശങ്ങൾ ആപ്പിൽ കാണിച്ചാണ് കൂടുതൽ പണം നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചിരുന്നത്.

'ഇന്റർഫേസ് ഇന്റർഫെറൻസ്' (Interface Interference): റാപ്പിഡോയുടെ "സെറ്റ് യുവർ പ്രൈസ്" (Set your price) സ്ലൈഡറിൽ കളർ- കോഡിംഗ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതായി കണ്ടെത്തി. നിരക്ക് ഉയർത്തുമ്പോൾ 'റൈഡ് ലഭിക്കാൻ ഉയർന്ന സാധ്യത' എന്ന് പച്ച നിറത്തിലും, നിരക്ക് കുറയ്ക്കുമ്പോൾ ചുവപ്പ്/ഓറഞ്ച് മുന്നറിയിപ്പുകളും പ്രദർശിപ്പിച്ചു. കൂടാതെ, നിരക്ക് വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സൗകര്യവും കുറയ്ക്കുന്നതിന് പരിമിതമായ സൗകര്യവുമാണ് ആപ്പിൽ നൽകിയിരുന്നത്.

ടിപ്പിംഗ് രീതി: സേവനം പൂർത്തിയായ ശേഷമാണ് സാധാരണയായി ഉപഭോക്താക്കൾ ടിപ്പ് നൽകാറുള്ളതെന്നും, അത് സേവനം നൽകുന്നതിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കാൻ പാടില്ലെന്നും സിസിപിഎ വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ ആഗ്രിഗേറ്റർ ഗൈഡ്‌ലൈൻസ്, 2025 പ്രകാരം ടിപ്പ് നൽകാനുള്ള സൗകര്യം യാത്രാ ബുക്കിംഗ് സമയത്തോ യാത്രയിലോ അല്ല, മറിച്ച് റൈഡ് പൂർത്തിയായ ശേഷം മാത്രമേ നൽകാവൂ എന്ന് അതോറിറ്റി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, ടിപ്പ് നൽകുന്നത് ഉപഭോക്താക്കളുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും, ഡ്രൈവർമാരെ കണ്ടെത്തുന്ന ആൽഗോരിതത്തെ ഇത് ബാധിക്കില്ലെന്നുമാണ് റാപ്പിഡോ വാദിച്ചത്. നേരിട്ടുള്ള വിലപേശലുകൾ പോലെയാണ് ആപ്പിലെ ഈ സന്ദേശങ്ങളെന്നും കമ്പനി വിശദീകരിച്ചു. എന്നാൽ സിസിപിഎ ഈ വാദങ്ങൾ തള്ളി. ഇതുമായി ബന്ധപ്പെട്ട് യൂബർ (Uber), ഒലാ (Ola) എന്നീ ആപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങളും നിലവിൽ പുരോഗമിക്കുകയാണെന്ന് സിസിപിഎ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

യുപിഐ ഇടപാടുകൾക്ക് ഫീസ്: വിശദീകരണവുമായി ആർ ബി ഐ, 'കൂടുതൽ പേരിലേക്കെത്തിക്കാൻ സഹായിക്കുന്ന നടപടി'
സ്മാര്‍ട്ട് ഫോൺ ക്യാമറ വിപ്ലവത്തിന് ഓപ്പണ്‍എഐ; 300 ദശലക്ഷം ഡോളറിന് 'ഗ്ലാസ് ഇമേജിങ്' സ്വന്തമാക്കി കമ്പനി