കുറഞ്ഞ വിലക്ക് പെട്രോളും ഡീസലും കിട്ടാക്കനിയാകുമോ? പശ്ചിമേഷ്യയിലെ യുദ്ധം തിരിച്ചടിയാകുന്നു: മുന്നറിയിപ്പുമായി എസ്ബിഐ ക്യാപ്സ്

Published : Apr 15, 2026, 11:48 AM IST
petrol

Synopsis

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും കാരണം ആഗോള വിപണിയില്‍ ഇന്ധനവില ദീര്‍ഘകാലം ഉയര്‍ന്നുനില്‍ക്കുമെന്ന് എസ്ബിഐ ക്യാപ്സ് റിപ്പോര്‍ട്ട്. ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ സാഹചര്യം കനത്ത സാമ്പത്തിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് രൂപയുടെ മൂല്യത്തെയും കറന്റ് അക്കൗണ്ട് കമ്മിയെയും ബാധിക്കും.

കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ലഭിച്ചിരുന്ന കാലം അവസാനിക്കുന്നു. പശ്ചിമേഷ്യയിലെ നിലയ്ക്കാത്ത സംഘര്‍ഷങ്ങളും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കുണ്ടായ കനത്ത നാശനഷ്ടങ്ങളും ആഗോള വിപണിയില്‍ ഇന്ധനവില ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാകുമെന്ന് എസ്ബിഐ ക്യാപ്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുദ്ധം രൂക്ഷമായ ഘട്ടത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു. ഇടക്കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങളെത്തുടര്‍ന്ന് വില 100 ഡോളറിന് താഴേക്ക് എത്തിയെങ്കിലും, എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഏറ്റ ആഘാതം കാരണം യുദ്ധത്തിന് മുന്‍പുള്ള വിലയിലേക്ക് ഇന്ധനവില ഉടന്‍ തിരിച്ചെത്തില്ലെന്നാണ് വിലയിരുത്തല്‍.

തകര്‍ന്നത് വമ്പന്‍ നിലയങ്ങള്‍; അറ്റകുറ്റപ്പണികള്‍ക്ക് കാലതാമസമെടുക്കും

ഗള്‍ഫ് മേഖലയിലെ പ്രധാന ഊര്‍ജ്ജ നിലയങ്ങള്‍ക്ക് യുദ്ധത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ വന്‍ തുകയും നീണ്ട കാലയളവും ആവശ്യമാണ്. അതിനാല്‍ തന്നെ, യുദ്ധം പെട്ടെന്ന് അവസാനിച്ചാല്‍ പോലും കുറഞ്ഞ വിലയ്ക്കുള്ള ക്രൂഡ് ഓയില്‍ എന്നത് ഇനി വെറുമൊരു ഓര്‍മ്മ മാത്രമായി മാറാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ ക്യാപ്സിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിരോധം

ഇന്ധന വിതരണത്തിലെ തടസ്സങ്ങള്‍ മറികടക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്:

ഇന്ത്യ: വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇരട്ടിയായി വര്‍ധിപ്പിച്ചു.

ജപ്പാന്‍: അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി കൂട്ടി.

ചൈന: കാനഡയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി എപ്പോള്‍ തീരുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നത് വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് അമേരിക്ക ഉപരോധിച്ചാല്‍ പ്രതിദിനം 23 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്ന് നൊമുറ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്ക് വെല്ലുവിളിയേറുന്നു

എണ്ണയുടെ കാര്യത്തില്‍ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യം സാമ്പത്തികമായി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 93 എന്ന നിരക്കിലേക്ക് താഴ്ന്നു. ഇത് ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. ഉയര്‍ന്ന ഇന്ധനവില രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുകയും സാമ്പത്തിക ആസൂത്രണങ്ങളെ ബാധിക്കുകയും ചെയ്യും. ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ഇന്ധന നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുമ്പോള്‍ തന്നെ, സബ്സിഡി ഇനത്തിലുള്ള ചെലവ് വര്‍ധിക്കുന്നത് ഖജനാവിന് ഇരട്ടി പ്രഹരമാകും.

PREV
Read more Articles on
click me!

Recommended Stories

വലിയ ഇടപാടുകളാണോ? യുപിഐ വഴി പണമയച്ചാൽ മറ്റേയാൾക്ക് ലഭിക്കാൻ ഒരു മണിക്കൂ‌‍‍‍റെടുക്കും! പുതിയ മാറ്റത്തിനൊരുങ്ങി ആ‍‌ർബിഐ
ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും ആകെ എത്ര സ്വർണമുണ്ട്? ലോകത്തിലെ 10 മുൻനിര കേന്ദ്രബാങ്കുകളെടുത്താൽ ഇത്രേം വരില്ല!