Palm oil : ചൂടാറി പാചക എണ്ണ വില; ഇനി അടുക്കള ചെലവ് കുറയും

By Web TeamFirst Published May 20, 2022, 11:31 AM IST
Highlights

സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡിൽസ് തുടങ്ങി നിരവധി വീട്ടുപകരണങ്ങളുടെ നിർമ്മാണത്തിൽ പാം ഓയിലും അതിന്റെ ഡെറിവേറ്റീവുകളും ഉപയോഗിക്കുന്നതിനാൽ ഇന്തോനേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധനം അടുത്തയാഴ്ച മുതൽ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആഭ്യന്തര വിപണിയിൽ പാചക എണ്ണ വില കുറയും. ഏപ്രിൽ 28 ന് ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി നിരോധിച്ചതോടു കൂടി വിപണിയിൽ പാചക എണ്ണ വില കുതിച്ചുയർന്നിരുന്നു. ഇന്തോനേഷ്യയുടെ ആഭ്യന്തര വിപണിയിൽ പാം ഓയിൽ ലഭ്യത കുറഞ്ഞതോടുകൂടിയാണ് കയറ്റുമതി നിരോധിച്ചത്. 

ലോകത്ത് ഏറ്റവും കൂടുതൽ  ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിൽതന്നെ പാം ഓയിലും സോയാബീൻ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവർഷം 13.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ 8 മുതൽ 8.5 ദശലക്ഷം ടൺ (ഏകദേശം 63 ശതമാനം) പാം ഓയിൽ ആണ്. ഇപ്പോൾ, ഏകദേശം 45 ശതമാനം ഇന്തോനേഷ്യയിൽ നിന്നും ബാക്കിയുള്ളത് അയൽരാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഓരോ വർഷവും ഇന്തോനേഷ്യയിൽ നിന്ന് ഏകദേശം 4 ദശലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read Also : Gold price today : ചൂടുപിടിച്ച് സ്വർണവില; തുടച്ചയായ രണ്ടാം ദിവസവും വർധന

സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡിൽസ് തുടങ്ങി നിരവധി വീട്ടുപകരണങ്ങളുടെ നിർമ്മാണത്തിൽ പാം ഓയിലും അതിന്റെ ഡെറിവേറ്റീവുകളും ഉപയോഗിക്കുന്നതിനാൽ ഇന്തോനേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നെസ്‌ലെ, ബ്രിട്ടാനിയ, മാരികോ തുടങ്ങിയ കമ്പനികളെല്ലാം ചെലവ് വർധിച്ചതിനെ തുടർന്ന് വില കൂട്ടാതെ തൂക്കം കുറച്ചുകൊണ്ട് തന്ത്രപരമായ നീക്കം നടത്തിയിരുന്നു.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം മൂലം പണപ്പെരുപ്പത്തിന്റെ നടുവിലാണ് ഇന്ത്യ. ഏപ്രിലിൽ ഭക്ഷ്യവിലപ്പെരുപ്പം 8.38 ശതമാനമായി ഉയർന്നിരുന്നു. 

click me!