ക്രെഡിറ്റ് സ്കോർ പെട്ടെന്ന് ഉയര്‍ത്താനുള്ള മാര്‍ഗം അന്വേഷിക്കുകയാണോ; ഇതാ 3 വഴികള്‍

By Web TeamFirst Published Mar 26, 2024, 9:11 PM IST
Highlights

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ വളരെ വേഗത്തിൽ എങ്ങനെ ഇത് ചെയ്യാം?

രു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വായ്പാ ഇടപാടുകളിൽ മികച്ച പശ്ചാത്തലം ഉണ്ടെങ്കിൽ മാത്രമാണ് മോശമല്ലാത്ത ക്രെഡിറ്റ് സ്കോർ ലഭിക്കുകയുള്ളു. വായ്പ എടുക്കാനായി എത്തുമ്പോഴായിരിക്കും പലരും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ബോധവാന്മാരാകുന്നത്. വായ്പ നൽകുന്നവർ നിങ്ങളുടെ ഇടപാട് ചരിത്രം പരിശോധിച്ച ശേഷം മാത്രമേ വായ്പ അനുവദിക്കുകയുള്ളു. അതിനാൽ ക്രെഡിറ്റ് സ്കോർ ഉയർത്തേണ്ടത് അനിവാര്യമാണ്. 

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ വളരെ വേഗത്തിൽ എങ്ങനെ ഇത് ചെയ്യാം? മൂന്ന് എളുപ്പവഴികൾ പരിചയപ്പെടാം.

1. കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുക

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ കുടിശ്ശികകളും ബില്ലുകളും കൃത്യസമയത്ത് അടയ്ക്കേണ്ടതുണ്ട്. വൈകിയ പേയ്‌മെന്റുകളും കുടിശ്ശികകളും പ്രതികൂലമായി ബാധിക്കും. അങ്ങനെ വന്നാൽ അത് മറികടക്കാൻ വളരെ സമയമെടുക്കും.

ഈ നിയമത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശികയും ഉൾപ്പെടും. നിങ്ങളുടെ കുടിശ്ശികകൾ അടയ്ക്കുന്നതിന് ആവശ്യമായ ഫണ്ട് ശേഖരിച്ച് കൃത്യമായ പ്ലാൻ ഉണ്ടാക്കുക.. ഭാവിയിൽ വായ്പ ലഭിക്കുന്നതിനും നിങ്ങളുടെ വായ്പാ പരിധി മെച്ചപ്പെടുത്തുന്നതിനും ഉപകാരപ്രദമായ ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും.

2. ക്രെഡിറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്യുക

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് ആദ്യം, എന്താണ് നടക്കുന്നതെന്ന വ്യക്തമായ ധാരണ ഉണ്ടാക്കണം അതിന് ക്രെഡിറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയാണ് മികച്ച മാർഗം. തിരഞ്ഞെടുത്ത കാലയളവിലെ നിങ്ങളുടെ വായ്പാ ഇടപാടുകളുടെ ചരിത്രം ഈ റിപ്പോർട്ടുകൾ കാണിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമാക്കുന്നത് എന്താണെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസിലാകും.

3. പുതിയ ക്രെഡിറ്റ് അഭ്യർത്ഥനകളിൽ നിരാശപ്പെടരുത്

ജീവിതത്തിൽ പലപ്പോഴും അടിയന്തിരമായി പണം ആവശ്യം വന്നേക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അറിയാവുന്ന സ്ഥലത്ത് നിന്നെല്ലാം കടം വാങ്ങും. എന്നാൽ ഒന്നിലധികം ക്രെഡിറ്റ് അഭ്യർത്ഥനകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും. നിങ്ങൾക്ക് ഒന്നിലധികം കടങ്ങൾ ഉണ്ടെങ്കിൽ, അവ ഏകീകരിക്കുന്നതാണ് നല്ലത്. ഇതോടെ, വിവിധ വായ്പക്കാർക്കുള്ള ഒന്നിലധികം പേയ്‌മെന്റുകളെക്കുറിച്ച് നിങ്ങൾക്ക് വിഷമിക്കേണ്ടതില്ല. മാത്രമല്ല ചിലപ്പോൾ നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിച്ചേക്കാം, ഇത് കടങ്ങൾ വേഗത്തിൽ തീർക്കാനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും സഹായിക്കും.

click me!