Latest Videos

ക്രിപ്‌റ്റോ കറന്‍സികള്‍ അടിപതറിയ 2022; പുതുവര്‍ഷത്തില്‍ തിരികെ ലഭിക്കുമോ നല്ലകാലം?

By Web TeamFirst Published Dec 27, 2022, 2:53 PM IST
Highlights

ക്രിപ്‌റ്റോ കറന്‍സികള്‍ വമ്പന്‍ തിരിച്ചടി നേരിട്ട വര്‍ഷമാണ് 2022. വരും വർഷത്തിൽ ക്രിപ്റ്റോ കറൻസിയുടെ ഭാവി എന്താകും? നിക്ഷേപകരുടെ പ്രതീക്ഷകൾ 

2021-ല്‍ നിന്നും തികച്ചും വ്യത്യസ്തമായി, ക്രിപ്‌റ്റോ കറന്‍സികള്‍ വമ്പന്‍ തിരിച്ചടി നേരിട്ട വര്‍ഷമാണ് 2022. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ എല്ലാ ഡിജിറ്റല്‍ കറന്‍സികളുടേയും മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ സമീപകാലത്തെ വില നിലവാരത്തില്‍ പ്രകടമായ വ്യതിയാനം പരിശോധിച്ചാല്‍ തന്നെ ചാഞ്ചാട്ടം എത്രത്തോളം രൂക്ഷമാണെന്ന് മനസിലാക്കാനാവും.

2022-ലെ തുടക്കത്തില്‍ ബിറ്റ്‌കോയിന്‍ 46,208 ഡോളര്‍ നിലവാരത്തിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. താരതമ്യേന ശക്തമായ നിലയില്‍ തങ്ങിനിന്നിരുന്ന ബിറ്റ്‌കോയിന്‍, വിവിധ കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയതോടെ മേയ് മാസം ആദ്യ പകുതിയില്‍ തന്നെ 30,000 ഡോളര്‍ നിലവാരത്തിലേക്ക് തെന്നിവീണു. തുടര്‍ന്നും കരകയറാന്‍ സാധിക്കാതിരുന്ന ബിറ്റ്‌കോയിന്റെ വില ജൂണ്‍ 19-ന് 19,000 നിലവാരത്തിലേക്ക് കൂപ്പുകുത്തി. തുടര്‍ന്ന് നേരിയ തോതില്‍ തിരിച്ചുവരവിന് ശ്രമിച്ച ബിറ്റ്‌കോയിന്‍ സെപ്റ്റംബര്‍ 13-ന് 22,400 ഡോളര്‍ വരെ ഉയര്‍ന്നു. എന്നാല്‍ കുതിപ്പ് നിലനിര്‍ത്താന്‍ സാധിക്കാതിരുന്ന ബിറ്റ്‌കോയിന്‍ നിലവില്‍ 16,800 നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

ഡിജിറ്റല്‍ കറന്‍സികളുടെ വ്യാപാര സേവനങ്ങള്‍ നല്‍കുന്ന കോയിന്‍ഡെസ്‌ക്കിന്റെ രേഖകള്‍ പ്രകാരം ബിറ്റ്‌കോയിന്റെ 2022-ലെ ഏറ്റവും ഉയര്‍ന്ന വിലയായ 47,456 ഡോളര്‍ രേഖപ്പെടുത്തിയത് മാര്‍ച്ച് 30-നായിരുന്നു. ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള ബിറ്റ്‌കോയിന് രൂക്ഷമായ തിരിച്ചടി നേരിടുമ്പോള്‍ മറ്റ് ഡിജിറ്റല്‍ കറന്‍സികളുടെ വിധിയും മറിച്ചായിരുന്നില്ല. ഈഥര്‍ മുതല്‍ പൊല്‍ക്കാഡോട്ട് വരെയുള്ള എല്ലാ വികേന്ദ്രീകൃത സംവിധാനത്തിലുള്ള കറന്‍സികളും 2022 കാലയളവില്‍ നിലതെറ്റി വീണു.

>> ഈഥര്‍-: കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ബിറ്റ്‌കോയിനെ പോലെ കനത്ത മൂല്യത്തകര്‍ച്ചയാണ് ഈഥറിനും നേരിട്ടു. 2022 തുടക്കത്തില്‍ എഥീരിയം 3,677 ഡോളര്‍ നിരക്കിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ജനുവരി അവസാനത്തോടെ തന്നെ ഇതിന്റെ വില 2,422 ഡോളറിലേക്ക് കൂപ്പകുത്തി. എന്നാല്‍ ഏപ്രിലോടെ 3,500 ഡോളര്‍ നിലവാരത്തിലേക്ക് ഈഥര്‍ ശക്തമായി തിരിച്ചു വന്നെങ്കിലും തുടര്‍ന്നുള്ള ശക്തമായ തിരിച്ചടിയില്‍ ജൂണ്‍ 19-ന് 1,000 നിലവാരവും തകര്‍ക്കപ്പെട്ടു. പിന്നീട് ഓഗസ്റ്റില്‍ 2,000 ഡോളര്‍ നിലവാരത്തിലേക്ക് കരകയറിയെങ്കിലും നിലവില്‍ 1,200 ഡോളര്‍ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

>> പൊല്‍ക്കാഡോട്ട്-: മറ്റൊരു ജനപ്രിയ ഡിജിറ്റല്‍ കറന്‍സിയായിരുന്ന പൊല്‍ക്കാഡോട്ടിനും 2022-ല്‍ കനത്ത തകര്‍ച്ച നേരിടേണ്ടിവന്നു. ജനുവരിയില്‍ 27 ഡോളര്‍ നിലവാരത്തിലായിരുന്ന ഇതിന്റെ വില ഡിസംബറില്‍ 4 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈവര്‍ഷം 80 ശതമാനത്തിലധികം മൂല്യത്തകര്‍ച്ച പൊല്‍ക്കാഡോട്ടില്‍ നേരിട്ടു.

>> വിപണി മൂല്യം- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യാപാരം ചെയ്യപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യത്തിലും ഗണ്യമായി ഇടിവ് സംഭവിച്ചു. 2022 ജനുവരി 1-ന് ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 2,24,000 കോടി ഡോളറായിരുന്നു. എന്നാല്‍ ഡിസംബര്‍ 21-ലെ കോയിന്‍ഡെസ്‌കിന്റെ രേഖകള്‍ പ്രകാരം ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 81,000 കോടി ഡോളര്‍ മാത്രമാണ്. 2022-ലെ പൊതുബജറ്റില്‍ മൂലധന നേട്ടത്തിന്മേല്‍ 30 ശതമാനം നികുതിയും ഓരോ ഇടപാടിനും 1% ടിഡിഎസ് നല്‍കണവുമെന്ന വ്യവസ്ഥയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലും ക്രിപ്‌റ്റോകറന്‍സിയുടെ വ്യാപാരത്തില്‍ വമ്പന്‍ ഇടിവ് നേരിടുന്നു.

2023-ല്‍ എന്താകും?

വരുന്ന വര്‍ഷത്തിലും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകര്‍ക്ക് ഗുണകരമാകാവുന്ന വാര്‍ത്തകളൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളായ ക്രെബാക്കോയും കോയിന്‍സ്വിച്ചും പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിട്ടുള്ളത്. 2023 വര്‍ഷത്തിന്റെ രണ്ടാം പകുതി വരെയും ക്രിപ്‌റ്റോ വിപണി പാര്‍ശ്വവഴികളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും ഇടപാടുകളുടെ എണ്ണം കുറയാമെന്നും ഇവരുടെ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.

click me!