
ദില്ലി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ഞെട്ടിച്ചിരിക്കെ, സഹായം ലഭ്യമാക്കാൻ സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. കമ്പനികൾക്ക് അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്നാണ് ഉത്തരവ്
മെഡിക്കൽ ഓക്സിജൻ ജനറേഷൻ, സ്റ്റോറേജ് പ്ലാന്റുകൾ, ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ നിർമ്മാണവും വിതരണവും, വെന്റിലേറ്റർ, സിലിണ്ടർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം സിഎസ്ആർ പദ്ധതിയുടെ ഭാഗമാക്കി കോർപറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിറക്കി.
പൊതുമേഖലാ സ്ഥാപനങ്ങളടക്കമുള്ള കമ്പനികൾക്ക് ഇതോടെ കൊവിഡ് 19 ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക വിനിയോഗിക്കാൻ കഴിയും. ഇത് ഒറ്റയ്ക്കോ മറ്റാരെങ്കിലുമായി പങ്കാളിത്തത്തിലോ ചെയ്യാനുമാകും.
താത്കാലിക കൊവിഡ് 19 ആശുപത്രികൾ നിർമ്മിക്കുന്നത് സിഎസ്ആർ പദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളത്തിലടക്കം രോഗം ഭീതിജനകമായി വർധിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona