
വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ ജീവനക്കാർക്ക് സാമൂഹിക സുരക്ഷ നൽകുക എന്നതാണ് ഇപിഎഫിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നു. ഇപിഎഫ്ഒ മാനദണ്ഡങ്ങൾ അനുസരിച്ച്, അടിസ്ഥാന ശമ്പളത്തിന്റെ 12% ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണം. തൊഴിലുടമയുടെ 12% സംഭാവനയിൽ, 8.33% ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കും (ഇപിഎസ്) 3.67% പ്രൊവിഡന്റ് ഫണ്ടിലേക്കും പോകുന്നു. മറുവശത്ത്, ജീവനക്കാരന്റെ സംഭാവനയായ 12% പ്രൊവിഡന്റ് ഫണ്ടിലേക്ക് പോകുന്നു.
വിരമിക്കുന്നതിന് മുമ്പും പിഎഫ് തുക ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാൻ ഇപിഎഫ്ഒ അനുവദിക്കുന്നുണ്ട് . ഉദാഹരണത്തിന്, ജോലി നഷ്ടപ്പെട്ട ഒരാൾക്ക് തന്റെ ഇപിഎഫ് തുകയുടെ 100 ശതമാനവും പിൻവലിക്കാം. ഈ സാഹചര്യത്തിൽ, വ്യക്തി ഫോം 19 പൂരിപ്പിച്ച് സമർപ്പിക്കണം. ജോലിയുള്ളവർക്ക് ചില വ്യവസ്ഥകളോടെ പിഎഫ് നിക്ഷേപത്തിന്റെ 75% വരെ പിൻവലിക്കാൻ സാധിക്കും.
ഇപിഎഫ് ക്ലെയിം പരിശോധിച്ച് അപേക്ഷകന് തുക കൈമാറുന്നതിന് ഏകദേശം 20 ദിവസമെടുക്കും. ഈ സമയപരിധിക്കുള്ളിൽ അപേക്ഷകന് തുക ലഭിച്ചില്ലെങ്കിൽ, വരിക്കാരന് റീജിയണൽ പിഎഫ് കമ്മീഷണറെ സമീപിക്കാം. ഇത് സംബന്ധിച്ച് ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പരാതി നൽകാം. ഇപിഎഫ് വരിക്കാർക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ തുക പിൻവലിക്കുന്നതിന് അപേക്ഷിക്കാം.
യോഗ്യത:
ഇപിഎഫ് നിക്ഷേപത്തിന്റെ 100% വിരമിക്കുമ്പോൾ ക്ലെയിം ചെയ്യാം. തൊഴിലില്ലാത്ത സാഹചര്യത്തിൽ, അംഗങ്ങൾക്ക് ഇപിഎഫ് അക്കൗണ്ടിലെ തുകയുടെ 75% ക്ലെയിം ചെയ്യാൻ അനുവാദമുണ്ട്.രണ്ട് മാസം തൊഴിലില്ലാത്ത സാഹചര്യമാണെങ്കിൽ നൂറ് ശതമാനം നിക്ഷേപവും പിൻവലിക്കാം
താഴെ നൽകിയിരിക്കുന്ന ഏതെങ്കിലുമൊരു മാർഗ്ഗത്തിലൂടെ ഇപിഎഫ്ഒ ക്ലെയിം പരിശോധിക്കാം.
1. യുഎഎൻ അംഗത്വ പോർട്ടൽ
2. ഇപിഎഫ് വെബ്സൈറ്റ്
3. ഉമാംഗ് ആപ്പ്