
രാജ്യത്ത് പെട്രോൾ - ഡീസൽ വിലയേറി വരികയാണ്. ഇന്ത്യയിൽ പെട്രോൾ വില ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് തന്നെ പറയാം. ഇന്ന് പെട്രോൾ 1 ലിറ്ററിന് 107.48 രൂപയാണ് വില. കേരളത്തിലെ ജില്ലകളിൽത്തന്നെ ഇതിന് ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാൽ നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനമായ തമിഴ്നാട്ടിൽ ലിറ്ററിന് 100.90 രൂപയാണ് വില. ഏതാണ്ട് 7 രൂപയുടെ മാറ്റമാണ് വരുന്നത്. എന്തൊക്കെയോ നികുതിയാണ് ഓരോ സംസ്ഥാനങ്ങളിലും ഈ മാറ്റങ്ങളൊക്കെ വരാൻ കാരണമെന്ന് നമുക്കറിയാം. എന്നാൽ കൃത്യമായി എന്തുകൊണ്ടാണ് പെട്രോൾ വിലയിൽ മാറ്റം വരുന്നതെന്ന് സാധാരണക്കാരും അറിഞ്ഞിരിക്കേണ്ടുന്ന ഒന്നാണ്.
പെട്രോളും, ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് നമുക്കറിയാം. അതു കൊണ്ട് തന്നെ കേന്ദ്രസർക്കാരും, വിവിധ സംസ്ഥാന സർക്കാരുകളും ചുമത്തുന്ന പല തരം നികുതികളാണ് ചേർക്കുന്നത്. അതായത് ഓരോ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും പല തരം നികുതികളാണ് ബാധകമായിട്ടുള്ളത്. ഇനി പെട്രോളിനും, ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ചുമത്തുമ്പോൾ, സംസ്ഥാനങ്ങളിൽ മൂല്യവർധിത നികുതി അഥവാ വാല്യൂ ആഡഡ് ടാക്സ് ചുമത്തുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന്റെ വില, ഡീലർ കമ്മീഷൻ അടക്കമുള്ള ചാർജുകൾ കൂടി ചേർത്താണ് ഈ വില അന്തിമമാക്കുന്നത്. ഇവിടെയാണ് പെട്രോളിന്റെ ഡീലർ പ്രൈസ് 55.66 രൂപയാണ് എന്ന് നമ്മൾ മനസിലാക്കേണ്ടത്.
നേരത്തെ സൂചിപ്പിച്ചതു പോലെ കേന്ദ്ര സർക്കാർ പെട്രോളിന് എക്സൈസ് തീരുവയാണ് ചുമത്തുന്നത്. എന്നാൽ കേരളത്തിൽ ബജറ്റ് അനുസരിച്ചുള്ള സെസ് തുക പെട്രോൾ വിലയിൽ ആഡ് ചെയ്യാറുണ്ട്. ക്ഷേമ പെൻഷനുള്ള തുക കണ്ടെത്താനായി 2 രൂപ സെസ് ആയി പിടിക്കാറുണ്ട്. അതായത് അടിസ്ഥാന വിലയ്ക്ക് സെസ്, എക്സൈസ് ഡ്യൂട്ടി, ഗതാഗത ചിലവ്, സ്റ്റേറ്റ് ടാക്സ്, കമ്മീഷൻ അടക്കമുള്ള ചാർജ്ജുകളാണ് ആകെ വിലയായി പ്രതിഫലിക്കുക.