ചൈനീസ് ഇറക്കുമതി കുറയ്ക്കാന്‍ ഗുണനിലവാര പരിശോധന കര്‍ശ്ശനമാക്കുന്നു

By Web TeamFirst Published Jul 28, 2020, 12:22 PM IST
Highlights

കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാറുകള്‍, സ്റ്റീല്‍ ട്യൂബ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ടെലികോം ഉത്പന്നങ്ങള്‍, വലിയ യന്ത്രങ്ങള്‍, പേപ്പര്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, ഗ്ലാസ് എന്നീ വിഭാഗത്തില്‍ പെടുന്ന ഉത്പന്നങ്ങള്‍ എല്ലാം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇനി ഐഎസ് സ്റ്റാന്‍റേര്‍ഡ് ഉറപ്പാക്കേണ്ടി വരും.

ദില്ലി: ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്ത് എത്തുന്ന 371 വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ കൂടി ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ് (ഐഎസ്) പരിധിയിലാക്കാനാണ് കേന്ദ്രനീക്കം.

കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാറുകള്‍, സ്റ്റീല്‍ ട്യൂബ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ടെലികോം ഉത്പന്നങ്ങള്‍, വലിയ യന്ത്രങ്ങള്‍, പേപ്പര്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, ഗ്ലാസ് എന്നീ വിഭാഗത്തില്‍ പെടുന്ന ഉത്പന്നങ്ങള്‍ എല്ലാം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇനി ഐഎസ് സ്റ്റാന്‍റേര്‍ഡ് ഉറപ്പാക്കേണ്ടി വരും. ഇത്തരം ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം ചൈനയില്‍ നിന്നാണ് വരുന്നത്.

ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധാനങ്ങളുടെ വരവ് തടയുക എന്നതാണ് പ്രധാനമായും കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഐഎസ് പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട സാധാനങ്ങള്‍ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ പട്ടിക തയ്യാറാക്കിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച അത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറയ്ക്കുക എന്ന പദ്ധതിയുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍.

371 ഇനങ്ങള്‍ തിരിഞ്ഞറിഞ്ഞിട്ടുണ്ട്. ഇതില്‍ ചൈനീസ് ഉത്പന്നങ്ങളും ഉണ്ട്. ഇവയുടെ ഗുണനിലവാരം അളക്കുന്ന മാനദണ്ഡങ്ങള്‍ തയ്യാറാക്കി വരുകയാണ്. ഇവ നടപ്പിലാക്കുന്നതിനൊപ്പം ഇവ ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ തുറമുഖങ്ങളില്‍ അടക്കം തങ്ങളുടെ ജീവനക്കാരെ വിന്യസിക്കും- ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി വിശദീകരിച്ചു.

ഇപ്പോള്‍ തിരിച്ചറിഞ്ഞ പല ഉത്പന്നങ്ങളും ഒരു ഗുണനിലവാരവും ഇല്ലാതെയാണ് ഇന്ത്യയില്‍ എത്തുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് സ്റ്റാന്‍റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നേരിട്ടും ബിഐഎസിനെ സമീപിക്കാം. ഇപ്പോള്‍ തിരിച്ചറിഞ്ഞ ഉത്പന്നങ്ങള്‍ക്ക് ചിലതിന് ഡിസംബര്‍ മുതല്‍ ഐഎസ് നിര്‍ബന്ധമാക്കും. ബാക്കിയുള്ളവയുടെത് അടുത്ത മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കും -ബിഐഎസ് ഡിജി കൂട്ടിച്ചേര്‍ത്തു.

തുറമുഖങ്ങളിലും മറ്റും വിന്യസിക്കുന്ന ബിഐഎസ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് പോലുള്ള വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും. പോര്‍ട്ടുകളിലും മറ്റും ഇറക്കുന്ന ഉത്പന്നങ്ങളുടെ തത്സമയ പരിശോധന നടത്തും എന്നും ഇദ്ദേഹം അറിയിച്ചു.

അതേ സമയം രാജ്യത്തെ ആഭ്യന്തര വിപണിയിലും പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാനാണ് ബിഐഎസ് തീരുമാനം. 2019-20 സമയത്ത് വിപണിയില്‍ നേരിട്ട് 20,000 പരിശോധനകളാണ് ബിഐഎസ് രാജ്യത്ത് നടത്തിയത്. ഇത് രണ്ടുലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് ബിഐഎസ് ഡിജി അറിയിച്ചു.

എംആര്‍പി, പാക്കിംഗിലെ ഗുണനിലവാരം, ഏത് രാജ്യത്ത് നിന്നും സാധനം എത്തുന്നു, നിര്‍മ്മാണ തീയതിയും അവസാന ഉപയോഗ തീയതിയും തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡിന്‍റെ തീരുമാനം.

click me!