കൊവിഡ് വില്ലനായി; കുരുമുളകിൻറെ വില കുത്തനെ ഇടിഞ്ഞു, ആശങ്കയോടെ കര്‍ഷകര്‍

By Web TeamFirst Published Jan 28, 2022, 12:35 PM IST
Highlights

ഒമിക്രോൺ ഭീഷണിയെ തുടർന്നാണ് കുരുമുളകിന്‍റെ വില ഇടിയാൻ തുടങ്ങിയത്. ഒന്നര മാസത്തിനിടെ 70 രൂപയോളം കുറഞ്ഞു.

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചതോടെ കുരുമുളകിൻറെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 470 രൂപയാണ് കർഷകർക്കിപ്പോൾ ലഭിക്കുന്നത്. വിളവെടുപ്പ് കാലമായപ്പോൾ വിലയിടിഞ്ഞത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന്  വിപണിയിൽ ആവശ്യം കൂടിയതോടെ കരുമുളകിൻറെ വില  നവംബർ അവസാനം 540 രൂപവരെ ഉയർന്നിരുന്നു. 560 രൂപയ്ക്ക് കച്ചവടക്കാരിൽ പലരും കുരുമുളക് സംഭരിക്കുകയും ചെയ്തു. 

ഒമിക്രോൺ ഭീഷണിയെതുടർന്നാണ് കുരുമുളകിന്‍റെ വില ഇടിയാൻ തുടങ്ങിയത്. ഒന്നര മാസത്തിനിടെ 70 രൂപയോളമാണ് കുറഞ്ഞത്.  ഇതോടെ കുരുമുളക് സംഭരിച്ച വ്യാപാരികളും കർഷകരും  വൻ നഷ്ടമാണ് നേരിടുന്നത്. കൊവിഡ് ഒന്നാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക് ഡൌൺ കാലത്ത് കുരുമുളക് വില കിലോയ്ക്ക് 250 രൂപയലിലേക്ക് ഇടിഞ്ഞിരുന്നു. മാർച്ച് ഏപ്രിൽ മാസത്തിൽ വില ഉയർന്ന് 420 രൂപവരെ എത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. ഒക്ടോബർ പകുതിയോടെ ഉയർന്നു തുടങ്ങിയ വിലയാണ് ഇപ്പോൾ വീണ്ടും കുറഞ്ഞ്ത്. പ്രതികൂല കാലാവസ്ഥമൂലം ഉൽപ്പാദനവും വൻ തോതിൽ കുറഞ്ഞിട്ടുണ്ട്.  ഒപ്പം ഉൽപ്പാദനച്ചെലവും കുത്തനെ കൂടി.

വർഷത്തിൽ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുക്കുന്നത്. ഉത്പാദനക്കുറവും വിപണിയിലെ ഉണർവും മൂലം വില 700-ൽ എത്തുമെന്ന് കണക്കു കൂട്ടി  അധിക വില നൽകി ഊഹക്കച്ചവടക്കാരും കുരുമുളക് സംഭരിച്ചിരുന്നു. പ്രതീക്ഷിക്കാതെ വിലയിടിഞ്ഞത് ഇവർക്കും തിരിച്ചടിയായി. ഇനി വിപണിയിൽ വില ഉയരുമ്പോഴേക്കും കർഷകരുടെ കുരുമുളക് മുഴുവൻ വിറ്റു തീരുകയും ചെയ്യും.
 

click me!