
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജിഡിപി വളരെക്കുറവാണെന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്.
'ഇന്ത്യക്ക് അത്യാവശ്യായി പുതിയ ധനമന്ത്രിയെ വേണം. ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കൂടുതലാണെന്നാണ്. പക്ഷേ, അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം 21 ലക്ഷം കോടി ഡോളറും ചൈനയുടേത് 14.8 ലക്ഷം കോടി ഡോളറുമാണ്. ഇന്ത്യയുടേതാകട്ടെ 2.8 ലക്ഷം കോടിയും'- സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.
രാജ്യം മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോകം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണെങ്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നും അമേരിക്ക, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ ജിഡിപി വളര്‍ച്ചയുണ്ടെന്നുമായിരുന്നു നിര്‍മല സീതാരമന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്.