ധനക്കമ്മി നിയന്ത്രണമില്ലാതെ കുതിച്ചുകയറുന്നു; എന്‍ഡിഎ സര്‍ക്കാരിന്‍റെ ബജറ്റ് ലക്ഷ്യം പാളുന്നു

By Web TeamFirst Published Nov 30, 2019, 11:34 AM IST
Highlights

സെപ്റ്റംബറിൽ കോർപ്പറേറ്റുകൾക്ക് നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ച നടപടിയിലൂടെ വലിയ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. 

ദില്ലി: രാജ്യത്തിന്‍റെ ധനക്കമ്മി ഒക്ടോബര്‍ 31 വരെയുളള കണക്കുകള്‍ പ്രകാരം ബജറ്റ് ലക്ഷ്യത്തിന്‍റെ 102.4 ശതമാനത്തിലെത്തി. 2019- 20 സാമ്പത്തിക വര്‍ഷത്തിന്‍റെ ബജറ്റ് കമ്മി ഒക്ടോബര്‍ 31 ന് 7.2 ലക്ഷം കോടിയാണ്. ഇന്നലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

ഒക്ടോബര്‍ 31 അനുസരിച്ച് സര്‍ക്കാരിന്‍റെ വരവും ചെലവും തമ്മിലുളള വ്യത്യാസം 7,20,445 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ ധനകമ്മി ലക്ഷ്യമിട്ടതിന്‍റെ 103.9 ശതമാനമായിരുന്നു. ഇതോടെ 2019- 20 ലെ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനത്തില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഉറപ്പായി. ഈ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യമാക്കി നിശ്ചയിച്ചിരുന്നത് 7.03 ലക്ഷം കോടിയായിരുന്നു. 

സെപ്റ്റംബറിൽ കോർപ്പറേറ്റുകൾക്ക് നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ച നടപടിയിലൂടെ വലിയ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. വരുമാന സമാഹരണത്തിന് 1.45 ലക്ഷം കോടി രൂപയുടെ കുറവാണ് ഇതിലൂടെ ഉണ്ടായത്. ജിഡിപി വളർച്ച മന്ദഗതിയിലായ സാഹചര്യത്തിൽ നിക്ഷേപ ചക്രം ഉയർത്താനാണ് നികുതിയിളവ് ഉദ്ദേശിച്ചത്. എന്നാല്‍, രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ ഈ നടപടി ഗുണം ചെയ്തില്ല. സെപ്റ്റംബർ അവസാനിച്ച രണ്ടാം പാദത്തിൽ ജിഡിപി ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞു. 

ഈ സാമ്പത്തിക വർഷത്തെ ജൂൺ അവസാനിച്ച ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. 

click me!