ക്ലിയർട്രിപിനെ ഏറ്റെടുക്കാൻ ഫ്ലിപ്‌കാർട് ഒരുങ്ങുന്നു

By Web TeamFirst Published Apr 15, 2021, 11:00 AM IST
Highlights

ക്ലിയർട്രിപിന് 40 ദശലക്ഷം ഡോളറാണ് നിലവിൽ കണക്കാക്കിയിരിക്കുന്ന മൂല്യം. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ അവസാനിക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ട്രാവൽ ആന്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ക്ലിയർട്രിപിനെ ഫ്ലിപ്‌കാർട് ഏറ്റെടുത്തേക്കും. വിവിധ സെഗ്മെന്റുകളിലായി വാൾമാർട്ട് വാങ്ങിയ കമ്പനികളുടെ നിരയിൽ ഏറ്റവും പുതിയതാണിത്.

പണമായും ഓഹരിയായും നിക്ഷേപം നടത്തിയാവും ഏറ്റെടുക്കൽ നടക്കുകയെന്നാണ് വിവരം. ക്ലിയർട്രിപിന് 40 ദശലക്ഷം ഡോളറാണ് നിലവിൽ കണക്കാക്കിയിരിക്കുന്ന മൂല്യം. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ അവസാനിക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഡീലിനെ കുറിച്ച് ഇരു കമ്പനികളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഹൃഷ് ഭട്ട്, മാത്യു സ്പാസീ, സ്റ്റുവർട് ക്രൈടൺ എന്നിവർ ചേർന്നാണ് 2006 ൽ ക്ലിയർട്രിപ് ആരംഭിച്ചത്. എയർ ട്രാവൽ, ഹോട്ടൽ ബുക്കിങ് സേവനമായിരുന്നു തുടക്കം. എന്നാൽ 2019 ൽ തുടങ്ങിയ കൊറോണ വൈറസ് വ്യാപനവും ഇതിലൂടെ ടൂറിസം രംഗത്തിനേറ്റ തിരിച്ചടിയും കമ്പനിയെ പ്രതിസന്ധിയിലാക്കി.

അതേസമയം ഈസിമൈട്രിപ്, ബുക്കിങ്.കോം, യാത്ര തുടങ്ങിയ കമ്പനികളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവും ക്ലിയർട്രിപിന് തിരിച്ചടിയായിരുന്നു. 2016 ൽ 70 ദശലക്ഷം ഡോളർ ക്ലിയർ ട്രിപ് ഓഹരി വിറ്റ് സ്വരൂപിച്ചിരുന്നു. അന്ന് 300 ദശലക്ഷം ഡോളറായിരുന്നു കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നത്. ഏറ്റെടുത്താലും കമ്പനിയുടെ മാനേജ്മെന്റ്, തൊഴിലാളികൾ എന്നിവരെല്ലാം ഫ്ലിപ്‌കാർട്ടിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ ഭാഗമായി തുടരും.
 

click me!