നെയ്യ് മുതൽ തേൻ വരെ '100% ശുദ്ധം' എന്ന് പറഞ്ഞ് വില്‍ക്കരുത്: ഡാബർ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി

Published : Aug 04, 2026, 09:30 AM IST
Dabur

Synopsis

ഡാബറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽക്കുന്ന പല ഉൽപ്പന്നങ്ങളിലും താഴെ പറയുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉപയോഗിച്ചതായി എഫ്.എസ്.എസ്.എ.ഐ കണ്ടെത്തി

ദില്ലി: '100% ശുദ്ധം', '100% പ്രകൃതിദത്തം' തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങൾ ഉന്നയിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ ഡാബർ ഇന്ത്യയ്‌ക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ). തേൻ, പശുവിൻ നെയ്യ്, ആപ്പിൾ സൈഡർ വിനെഗർ, നാളികേര പാൽ, വെളിച്ചെണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾ '100%' ശുദ്ധം എന്ന അവകാശവാദത്തോടെ വിപണിയിലെത്തിക്കുന്നത് നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷാ റഗുലേറ്റർ ഉത്തരവിട്ടു. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതും കൃത്യതയില്ലാത്തതുമായ ഇത്തരം വാഗ്ദാനങ്ങൾ ഉപഭോക്താക്കളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് എഫ്.എസ്.എസ്.എ.ഐയുടെ നടപടി.

ഏതെല്ലാം ഉൽപ്പന്നങ്ങൾ, എന്തൊക്കെ ലംഘനങ്ങൾ?

ഡാബറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽക്കുന്ന പല ഉൽപ്പന്നങ്ങളിലും താഴെ പറയുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉപയോഗിച്ചതായി എഫ്.എസ്.എസ്.എ.ഐ കണ്ടെത്തി. 100% പ്രകൃതിദത്തം, 100% ശുദ്ധം, 100% ഓർഗാനിക്. 100% പ്യൂരിറ്റി ഗ്യാരന്‍റീഡ്, 100% ഇളനീർ വെള്ളം, ഇത്തരം പ്രചാരണങ്ങൾ 2018-ലെ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര (പരസ്യങ്ങളും അവകാശവാദങ്ങളും) ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

റഗുലേറ്റർ ചൂണ്ടിക്കാട്ടിയ പ്രധാന ക്രമക്കേടുകൾ

'ജൈവിക് ഭാരത്' ലോഗോ ദുരുപയോഗം: 'ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ', 'ഡാബർ ഓർഗാനിക് ഹണി' എന്നീ ഉൽപ്പന്നങ്ങളിൽ എഫ്.എസ്.എസ്.എ.ഐയുടെ വാലിഡായ ഓർഗാനിക് അംഗീകാരമില്ലാതെ തന്നെ 'ജൈവിക് ഭാരത്' ലോഗോ നൽകിയതായി കണ്ടെത്തി. 'ഡാബർ ഹോംമേഡ് കോക്കനട്ട് മിൽക്ക്' എന്ന ഉൽപ്പന്നത്തിൽ '100% പ്യൂരിറ്റി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2018-ലെ ചട്ടങ്ങൾ അനുസരിച്ച് മിശ്രിത ഭക്ഷണങ്ങളിൽ ഇത്തരമൊരു അവകാശവാദം ഉന്നയിക്കാൻ നിയമപരമായ അനുമതിയില്ല.

മുൻപും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിവരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡാബറിന് എഫ്.എസ്.എസ്.എ.ഐ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തൃപ്തികരമായ തിരുത്തൽ നടപടികൾ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനെത്തുടർന്നാണ് അടിയന്തരമായി വിൽപ്പന തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നോട്ടീസിൽ ചൂണ്ടിക്കാട്ടിയവയും '100%' അവകാശവാദം ഉന്നയിക്കുന്നതുമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന ഉടനടി നിർത്തിവെക്കാനും, 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. എഫ്.എസ്.എസ്.എ.ഐയുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അതോറിറ്റി ചൂണ്ടിക്കാണിച്ച ഉൽപ്പന്ന വിവരങ്ങളും വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങളും പരിശോധിച്ചുവരികയാണെന്ന് ഡാബർ കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഒരു കോടി ശമ്പളം വാങ്ങിയിട്ടും കടക്കെണിയിൽ; ഐഐടി ബിരുദധാരിയുടെ വൈറൽ കഥ
അനിൽ അംബാനിക്കും റിലയൻസ് ക്യാപിറ്റലിനുമെതിരെ കേസെടുത്ത് സിബിഐ; ഇപിഎഫ്ഒയ്ക്ക് ഉണ്ടായത് 1,816 കോടിയുടെ നഷ്ടം