സംസ്ഥാനത്ത് ഡീസലും 'സെഞ്ച്വറി അടിച്ചു'; ഇരുട്ടടിയായി ഇന്ധനവില

By Web TeamFirst Published Oct 10, 2021, 6:23 AM IST
Highlights

തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. കൊച്ചി ഡീസൽ 97.90, കോഴിക്കോട് 98.20. ഇന്ന് പെട്രോളിന് കൂടിയത് 30 പൈസ. പെട്രോൾ കൊച്ചി 104.35, കോഴിക്കോട് 104.61, തിരുവനന്തപുരം 106.39.

തിരുവനന്തപുരം: ഡീസൽ വില (Diesel price) 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിൽ ഡീസൽ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട്  പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്.

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീഗംഗാനഗറിൽ പെട്രോളിന് 116.06 രൂപയും ഡീസൽ 106.77 രൂപയുമാണ് വില.

Also Read: ഇന്ധന വില വർധന: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

click me!