ജിഡിപി ബൈബിളും രാമായണവുമല്ല; ഭാവിയിൽ ഉപകാരമില്ലാത്ത സാധനമെന്നും ബിജെപി എംപി

By Web TeamFirst Published Dec 3, 2019, 5:27 PM IST
Highlights

നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു പ്രസ്താവന. 

ദില്ലി: രാജ്യത്തെ ജിഡിപി വളർച്ചാ നിരക്കിന് ഭാവിയിൽ യാതൊരു പ്രസക്തിയും ഉണ്ടായിരിക്കില്ലെന്ന് ബിജെപി അംഗം നിഷികാന്ത് ദൂബെ. ജിഡിപി ബൈബിളോ, രാമായണമോ മഹാഭാരതമോ അല്ലെന്നും അതിനാൽ തന്നെ ഭാവിയിൽ യാതൊരു ഉപയോഗവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

"1934 ലാണ് ജിഡിപി നിലവിൽ വന്നത്. അതിന് മുൻപ് അങ്ങിനെയൊരു സാധനമേ ഉണ്ടായിരുന്നില്ല. സുവിശേഷ സത്യമായി ജിഡിപിയെ കണക്കാക്കാനാവില്ല. അത് ബൈബിളോ, രാമായണമോ, മഹാഭാരതമോ അല്ല. ഭാവിയിൽ ഉപകാരപ്രദമായ ഒന്നായി ജിഡിപി നിലനിൽക്കില്ല," അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ഗോഡയിൽ നിന്നുള്ള പാർലമെന്റംഗമാണ് അദ്ദേഹം.

നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു പ്രസ്താവന. 2013 ലെ നാലാം പാദത്തിലുണ്ടായ ഇടിവിന് ശേഷം ഇത്രയും മോശം സാമ്പത്തിക വളർച്ചയുണ്ടായത് ആദ്യമായാണ്. ജിഡിപി വളർച്ചാ നിരക്ക് എത്ര വേഗത്തിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളരുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്.

ജിഡിപി വളർച്ചാ നിരക്ക് തുടർച്ചയായ അഞ്ചാമത്തെ പാദത്തിലാണ് താഴേക്ക് പോയത്. കഴിഞ്ഞ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സാമ്പത്തിക വളർച്ചയിൽ രേഖപ്പെടുത്തിയത്. അഞ്ച് ശതമാനം മാത്രമായിരുന്നു വളർച്ച.
 

click me!