
പനാജി: കൊവിഡ് കാലത്തെ വലിയ തിരിച്ചടിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ (Goa) ടൂറിസം മേഖല (Tourism). ന്യൂ ഇയറും ക്രിസ്മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്ത് കാണാം. എന്നാൽ ഒമിക്രോൺ (Omicron) വ്യാപനം വീണ്ടും സ്ഥിതി മോശമാക്കുമോ എന്ന ആശങ്ക ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവർക്കുണ്ട്.
വെറും പതിനഞ്ച് ലക്ഷം ജനങ്ങൾ മാത്രമുള്ള ഒരു കൊച്ച് സംസ്ഥാനമാണ് ഗോവ. പക്ഷെ ഈ നാടുകാണാൻ വർഷം എത്തിയിരുന്നത് 80 ലക്ഷത്തിലേറെ പേരെന്നാണ് കണക്ക്. അത് അൽപം പഴയ കണക്കാണ്, കൊവിഡിന് മുൻപ് ഉള്ളത്.ആ പഴയ പ്രതാപത്തിലേക്ക് പതിയെ മടങ്ങുകയാണ് ഗോവ ഇപ്പോൾ.
ഡിസംബറെത്തിയതോടെ സഞ്ചാരികൾ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ മാസവും അടുത്തമാസവും ഗോവയിൽ സീസണാണ്. ഇപ്പോഴുള്ള സഞ്ചാരികളിൽ ഭൂരിഭാഗവും സ്വദേശികൾ ആണ്. ടൂറിസ്റ്റം പ്രധാന വരുമാനമാർഗമായ സംസ്ഥാനത്തിന് കൊവിഡ് ഏൽപിച്ചത് അതി തീവ്ര ആഘാതമായിരുന്നു. സഞ്ചാരികളൊന്നുമില്ലാത്ത ലോക്ഡൗൺ കാലം. കൊവിഡ് ഭീതിയിൽ ജനങ്ങൾ യാത്രകൾക്ക് മടിച്ചതോടെ തിരിച്ച് വരവും പതിയെയായി.
അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് യഥാർഥത്തിൽ ഗോവയുടെ ടൂറിസം മേഖലയിൽ സമീപകാലത്തുണ്ടാക്കിയ വലിയ ഓളം. പക്ഷെ ഒമിക്രോൺ പിന്നാലെയെത്തിയത് കാര്യങ്ങൾ കുറച്ച് പരുങ്ങലിലാക്കി. വാക്സിനേഷന്‍റെ കാര്യത്തിൽ 100 ശതമാനം ലക്ഷ്യം വച്ച് കുതിക്കുകയാണ് സംസ്ഥാനം. പക്ഷേ മാസ്കടക്കം പ്രോട്ടോകോളുകളൊന്നും സംസ്ഥാനത്ത് കർശനമായി നടപ്പാക്കുന്നുമില്ല.