Gold Price : ഒരു വർഷത്തിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ വൻ ഇടിവ്

By Web TeamFirst Published Dec 22, 2021, 12:23 AM IST
Highlights

ജനുവരി മാസത്തിൽ താരതമ്യേന ഉയർന്ന നിലയിലായിരുന്നു സ്വർണവില. ജനുവരി 5, 6 തീയതികളിലാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം വിപണനം ചെയ്യപ്പെട്ടത്

തിരുവനന്തപുരം: ഒരു വർഷത്തിനിടെ സംസ്ഥാനത്ത് സ്വർണവിലയിൽ ഉണ്ടായത് വൻ ഇടിവ്. ഒരു ഘട്ടത്തിൽ 38000 ത്തിന് മുകളിലെത്തിയ സ്വർണവില പിന്നീട് 33000ത്തിന് തൊട്ടുതാഴെ പോയ ശേഷം നില മെച്ചപ്പെടുത്തി ഇപ്പോൾ 35000ത്തിന് മുകളിലാണ് വിപണനം. എങ്കിലും പവൻ സ്വർണവിലയിൽ 2021 ജനുവരിയിലെ സ്ഥിതി നോക്കുമ്പോൾ 3000 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ജനുവരി മാസത്തിൽ താരതമ്യേന ഉയർന്ന നിലയിലായിരുന്നു സ്വർണവില. ജനുവരി 5, 6 തീയതികളിലാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം വിപണനം ചെയ്യപ്പെട്ടത്. 38400 രൂപയായിരുന്നു അന്ന് പവന്റെ വില. ഗ്രാമിന് 4800 രൂപയായിരുന്നു വില. എന്നാൽ ഈ മേൽക്കൈ നിലനിർത്താനാവാതെ സ്വർണവില താഴേക്ക് പതിക്കുന്നതാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കണ്ടത്.

ഫെബ്രുവരി ഒന്നിന് 4600 രൂപയായിരുന്നു സ്വർണവില. അതേ മാസം അവസാനത്തെ ദിവസമായപ്പോഴേക്കും സ്വർണ വില 4270 രൂപയിലെത്തി. മാർച്ച് ഒന്നിന് 4370 രൂപയായിരുന്ന സ്വർണവില, മാർച്ച് 31 ന് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയായ 4110 രൂപയായി. പവന് 32880 രൂപയായിരുന്നു അന്നത്തെ വില. 

ഇവിടെ നിന്ന് അടിവെച്ചടിവെച്ച് മുന്നോട്ട് പോയ സ്വർണ വില ഏപ്രിൽ മാസത്തിൽ മികച്ച വളർച്ച നേടി. ഏപ്രിൽ 22 ന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തി, 4510 രൂപ. മെയ് മാസം 31 ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4590 രൂപയായി. ജൂൺ ഒന്നാം തീയതി 4610 രൂപയായിരുന്നു സ്വർണവിലയെങ്കിലും ആ മാസം 31 ആയപ്പോഴേക്കും ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4375 ലേക്ക് താഴ്ന്നു. 4400 രൂപയ്ക്ക് മുകളിലായിരുന്നു ജൂലൈ മാസത്തിലെ സ്വർണത്തിന്റെ വ്യാപാരം. ജൂലൈ 20 ന് 4525 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ വില.

ഓഗസ്റ്റ് മാസത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഗ്രാമിന്റെ വില 4500 ൽ നിന്ന് 4335 ലേക്ക് താഴ്ന്ന ശേഷം ഒരു ഗ്രാം സ്വർണ വില ഓഗസ്റ്റ് 31 ന് 4430 ലേക്ക് എത്തി. പക്ഷെ സെപ്തംബറിൽ പ്രതീക്ഷിച്ച മുന്നേറ്റം പ്രകടമായില്ല. സ്വർണ വില സെപ്തംബർ 30 ന് 4305 രൂപയിലേക്ക് താഴ്ന്നു. ഒക്ടോബറിൽ 26ാം തീയതി മാത്രമാണ് സ്വർണ വില 4500 രൂപ കടന്നത്. 4505 രൂപയായിരുന്നു അന്നത്തെ വില.

നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയത് 16ാം തീയതിയായിരുന്നു. 4615 രൂപയായിരുന്നു അന്ന് ഗ്രാമിന്റെ വില. ഡിസംബർ ഒന്നിന് 4460 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഡിസംബർ 20 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയാണ് സ്വർണ വില. ജനുവരിൽ നിന്ന് ഡിസംബറിലേക്ക് എത്തുമ്പോൾ പതിവുപോലെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായ സ്വർണവില, ജനുവരി മാസത്തെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെങ്കിലും മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.
 

click me!