Latest Videos

സ്വർണവില 75000 ത്തിലേക്ക് കുതിക്കുന്നു? സ്വർണം വാങ്ങുന്നതോ വിൽക്കുന്നതോ ബുദ്ധിപരമായ തീരുമാനം? അറിയേണ്ടതെല്ലാം

By Kiran GangadharanFirst Published Apr 11, 2024, 4:45 PM IST
Highlights

സ്വ‍ര്‍ണവില തുട‍ര്‍ച്ചയായി കുതിക്കുമ്പോൾ വിൽക്കുന്നതാണോ വാങ്ങുന്നതാണോ ബുദ്ധിയെന്ന് ചോദിക്കുന്നവ‍ര്‍ക്കുള്ള മുന്നറിയിപ്പ് കൂടി ഈ മേഖലയിലുള്ളവ‍ര്‍ നൽകുന്നു

ആഗോള തലത്തിൽ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികൾക്കുണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല. കുഞ്ഞിന്റെ ജനനം മുതൽ വിവാഹം വരെ പല ആവശ്യങ്ങൾക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികൾക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധന തുട‍രുമെന്നും കേരളത്തിൽ വില 24 കാരറ്റിന് 75000 രൂപയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നുമാണ് വിദഗ്ദ്ധ‍ര്‍ പറയുന്നത്.

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വില ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ വില ഇന്ന് 80 രൂപ ഉയർന്ന് 52960 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. പത്ത് ഗ്രാമിന് 66200 രൂപയാണ് ഇന്നത്തെ സ്വർണ വില. അതേസമയം 18 കാരറ്റ്‌ സ്വർണത്തിന് ഇന്നത്തെ വില 5530 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണ വില ഇന്ന് 6904 രൂപയാണ്. ഇന്ന് 11 രൂപയാണ് 24 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് രേഖപ്പെടുത്തിയത്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 690400 രൂപയാണ്.

ആഴ്ചകൾക്കിടെ അന്താരാഷ്ട്ര സ്വർണ വില 1810 ഡോളറിൽ നിന്ന് 2350 രൂപയിലേക്കാണ് ഉയർന്നത്. 2023 നവംബറിൽ സ്വർണ വില 1810 ഡോളറായിരുന്നു. 6 മാസത്തിനുള്ളിൽ 550 ഡോളർ ഉയർന്ന് 2350 ഡോളർ കടന്ന് സ്വർണ വില മുന്നോട്ട് പോയി. കഴിഞ്ഞ നാല് വർഷമായി 1750 ഡോളറിനും 2075 ഡോളറിനും ഇടയിലായിരുന്നു സ്വർണ വില. സംസ്ഥാനത്തെ 22 കാരറ്റ് സ്വർണവില നവംബറിൽ 5640 രൂപയായിരുന്നു ഗ്രാമിന്. അന്നത്തെ സ്വർണവില പവന് 45,120 രൂപയായിരുന്നു. യഥാക്രമം 980 രൂപയും 7840 രൂപയും ഉയർന്ന് 6620 രൂപയും 52960 രൂപയുമായി. ഏകദേശം 18% ത്തോളം ആണ് ഉയർച്ച രേഖപ്പെടുത്തിയത്.

വില 75000 ത്തിലേക്ക്

സ്വർണവില ഉയരാൻ കാരണമായ ഘടകങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ നിരവധിയാണെന്ന് ജിയോജിത് കമ്മോഡിറ്റി വിഭാഗം റിസർച്ച് ഹെഡ് ഹരീഷ് വി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 'സ്വർണവിലയെ നെഗറ്റീവായി സ്വാധീനിക്കുന്ന ഒരു ഘടകം പോലും നിലവിലില്ല. യൂറോപ്പിലടക്കം വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം പ്രധാന ഘടകമാണ്. ഇന്ത്യയും അമേരിക്കയും ചൈനയുമാണ് സാമ്പത്തിക വള‍ര്‍ച്ച നേടിയ വലിയ രാജ്യങ്ങൾ. യൂറോപ്പിലെയടക്കം വലിയ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങൾ കുറവാണ്. ചൈനയിൽ പോലും അടിസ്ഥാന സൗകര്യ മേഖലയിൽ മന്ദിപ്പുണ്ട്. നിക്ഷേപകർ ഇവിടെ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. യൂറോപ്പിലും മധ്യേഷ്യയിലും യുദ്ധം തുടരുന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലാണെങ്കിൽ വില എത്ര ഉയർന്നാലും സ്വർണം വാങ്ങുന്നതിൽ കുറവുണ്ടാവുന്നില്ല. രാജ്യത്തെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്. സ്വർണ വില ഉയരുന്ന ഇപ്പോഴത്തെ ട്രന്റ് ആറ് മാസത്തോളമായി തുടരുന്നതാണ്. അത് ഇനിയും മുകളിലേക്ക് തന്നെ പോകാനാണ് എല്ലാ സാധ്യതകളും വിരൽ ചൂണ്ടുന്നത്. ഇപ്പോഴത്തെ നിലയിൽ നോക്കുകയാണെങ്കിൽ അടുത്ത ആഴ്ചകൾക്കുള്ളിൽ 2500 ഡോളറിലേക്ക് അന്താരാഷ്ട്ര വില ഉയരും. അതായത് 24 കാരറ്റ് സ്വർണത്തിന് ഇന്ത്യയിൽ 10 ഗ്രാമിന് 75000 രൂപ വരെ വിലയേറും. രൂപയുടെ വില ഇടിയുന്നത് കൊണ്ട് അന്താരാഷ്ട്ര വിപണിയിൽ ഉയരുന്ന വില കൂടുതൽ ശക്തമായാവും കേരളത്തിലടക്കം പ്രതിഫലിക്കുക,'- ഹരീഷ് പറഞ്ഞു.

കുത്തനെ താഴുമോ സ്വർണ വില?

സ്വർണവിലയിൽ കുത്തനെ താഴില്ലെന്ന സൂചനയാണ് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ സലാമിന്റെ പ്രതികരണത്തിലും ഉള്ളത്. 'ഏതൊരു ഉൽപ്പന്നത്തിനും പെട്ടെന്ന് വില കൂടിയാൽ അത് അതേപോലെ താഴുമെന്നും പ്രതീക്ഷിക്കാറുണ്ട്. തീർത്തും പ്രവചനാതീതമാണ് അന്താരാഷ്ട്ര സ്വർണ വിലയിലെ ഇപ്പോഴത്തെ മുന്നേറ്റം. സ്വർണ വില 2400 ഡോളറിലേക്ക് ഉയരുമെന്നാണ് ഇപ്പോൾ കരുതുന്നത്. കുതിച്ചുയരുന്നത് പോലെ താഴുകയാണെങ്കിൽ 100-150 ഡോളർ വരെ കുറയാം. എന്നാൽ അതിന് നിക്ഷേപകർ വില വർധനവിനെ ലാഭമാക്കി മാറ്റാൻ ശ്രമിക്കണം. അല്ലെങ്കിൽ ഉയർന്ന വിലയിൽ സ്വർണം വാങ്ങുന്നത് കുറയണം, അമേരിക്ക പലിശ നിരക്ക് വർദ്ധിപ്പിക്കുകയോ കേന്ദ്ര ബാങ്കുകളും വൻകിട സ്ഥാപനങ്ങളും സ്വർണം വിൽക്കുകയോ ചെയ്യണം. ഇപ്പോൾ സ്വർണവിലയിൽ അസാധാരണ വർധനയാണ് കാണുന്നത്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ സ്വർണവില കുത്തനെ കയറുകയായിരുന്നു. ഇതിനിടയിൽ 50 ഡോളർ പോലും അന്താരാഷ്ട്ര വിലയിൽ കുറവുണ്ടായിട്ടില്ല.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണം വാങ്ങും മുൻപ്, ഇത് കൂടി ശ്രദ്ധിക്കൂ

വ്യാവസായികമായോ ഉപഭോഗപരമായോ കാര്യമായ ഒരു ഉപയോഗവും ഇല്ലാത്ത ലോഹമാണ് സ്വർണമെന്ന് ചൂണ്ടിക്കാട്ടിയാണ് പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റായ കെകെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്.  ഇപ്പോഴത്തെ സ്വർണ വില വർധനയ്ക്ക് കാരണം ലോകത്ത് നടക്കുന്ന യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ്. യുദ്ധം അവസാനിക്കുകയും വിലക്കയറ്റം താഴേക്ക് പോവുകയും പലിശ നിരക്ക് കൂടുകയും ചെയ്താൽ മാത്രമേ സ്വർണവിലയിൽ ഇനി കാര്യമായ കുറവുണ്ടാവൂ. എന്നാൽ ഇന്ത്യൻ രൂപയുടെ മൂല്യം താഴേക്ക് പോകുന്നത് വിലക്കുറവിനെയും സ്വാധീനിക്കുന്നതാണ്.  ഇനിയും വില വർധിക്കുമെന്ന് കരുതി എല്ലാ സമ്പാദ്യവും എടുത്ത് സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടരുത്. ഒരാളുടെ മൊത്തം സമ്പാദ്യത്തിന്റെ 10 മുതൽ 15 വരെ ശതമാനം മാത്രമേ സ്വർണ നിക്ഷേപം പാടുള്ളൂ. അതിന് മുകളിലേക്ക് പോയാൽ ഏത് സമയത്തും സ്വർണ വില കുറയുന്ന സാഹചര്യത്തിൽ വലിയ തിരിച്ചടി നേരിടും. ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി, പണിക്കുറവ്, നികുതി തുടങ്ങിയ ഘടകങ്ങൾ കൂടിയുണ്ട്. അതുകൊണ്ട് സ്വർണത്തിന്റെ യഥാർത്ഥ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ആഭരണം വാങ്ങിയാൽ സ്വർണ വില കൂടുമ്പോൾ വിറ്റ് ലാഭം നേടാമെന്ന് ചിന്തിക്കരുത്. ഗോൾഡ് ബോണ്ടാണ് സുരക്ഷിത നിക്ഷേപം. ലോഹ രൂപത്തിലുള്ള സ്വർണമല്ല ഇത്. ഓഹരി വിപണിയിൽ എപ്പോഴും വിറ്റ് കാശാക്കാവുന്ന ഒന്നാണിത്. അതിനാൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ഗോൾഡ് ബോണ്ടാണ് നല്ലത്,'- ജയകുമാർ പറഞ്ഞു.

click me!