അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുക്കുന്നു

By Web TeamFirst Published Jun 24, 2020, 4:44 PM IST
Highlights

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കേന്ദ്രമന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിക്കവെയാണ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും സംസ്ഥാനാന്തര കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

ദില്ലി: അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ റിസർവ് ബാങ്കിന് കീഴിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണബാങ്കുകളുടെ നിയന്ത്രണവും റിസർവ് ബാങ്ക് ഏറ്റെടുക്കും. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.

രാഷ്ട്രപതിയുടെ അനുമതി കിട്ടിയാലുടൻ ഈ ഓർഡിനൻസ് നിയമമാകും. അതനുസരിച്ച്, അന്ന് മുതൽ ഈ സഹകരണബാങ്കുകളെല്ലാം റിസർവ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും.

2020-ലെ ബജറ്റിൽ സഹകരണബാങ്കുകളെ റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ പദ്ധതി രൂപീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നതാണ്. ഈ ഓർഡിനൻസ് ഒരു ബില്ലായി പാർലമെന്‍റിന്‍റെ ബജറ്റ് സെഷനിൽ അവതരിപ്പിച്ചെങ്കിലും സർക്കാരിന് ഇത് പാസ്സാക്കിയെടുക്കാനായില്ല.

പുതിയ ഓർഡിനൻസ് അനുസരിച്ച് 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളും 58 മൾട്ടി - സ്റ്റേറ്റ് സഹകരണബാങ്കുകളും ആർബിഐയുടെ കീഴിലേക്ക് മാറും. ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെത്തന്നെ ഇനി ഈ സഹകരണബാങ്കുകളിലും ആർബിഐ ചട്ടങ്ങൾ തന്നയാകും ബാധകമാവുക. 

''1540 സഹകരണബാങ്കുകളെ ആർബിഐയുടെ കുടക്കീഴിലേക്ക് കൊണ്ടുവരിക വഴി, രാജ്യത്തെ 8.6 നിക്ഷേപകർക്ക് സുരക്ഷിതത്വമാണ് സർക്കാർ ഉറപ്പു നൽകുന്നത്. ഇവരുടെ 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇനി വളരെ സുരക്ഷിതമായിരിക്കും'', തീരുമാനം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

തകർന്നടിഞ്ഞ്, നിക്ഷേപകരുടെ പണം നഷ്ടമായ പഞ്ചാബ് & മഹാരാഷ്ട്ര സഹകരണബാങ്ക് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഈ തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന. 

click me!