കൂടുതൽ പഞ്ചസാര കടൽ കടക്കും; മധുരത്തിന് വിലയേറുമോ?

By Web TeamFirst Published Jul 23, 2022, 4:22 PM IST
Highlights

ആഭ്യന്തര വിപണിയിലെ കുതിച്ചുചാട്ടം തടയാൻ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചിരുന്നു. വീണ്ടും അധിക പഞ്ചസാര കയറ്റുമതി ചെയ്യുന്നതോടെ വിലകയറുമോ എന്ന ആശങ്ക നിലനിൽക്കുന്നു  

ദില്ലി: രാജ്യത്തെ പഞ്ചസാര മില്ലുകളെ കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിച്ചേക്കും. 1.2 ദശലക്ഷം ടൺ പഞ്ചസാരയുടെ അധിക വിൽപ്പനയ്ക്ക് സർക്കാർ  പച്ചക്കൊടി കാട്ടിയേക്കും എന്നാണ് റിപ്പോർട്ട്. നിലവിലെ ക്വാട്ടയായ 10 ദശലക്ഷം ടണ്ണിന്റെ മുകളിലാണിത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ, മെയ് മാസത്തിൽ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചിരുന്നു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ ആണ് സർക്കാർ കയറ്റുമതി കുറച്ചത്. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിറകെയാണ് കേന്ദ്ര സർക്കാർ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചത്.  ആറ് വർഷത്തിനിടെ ആദ്യമായി ആയിരുന്നു ഈ തീരുമാനം. മെയ് മാസം ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി. 

Read Also: വിമാന യാത്രക്കാർക്ക് സന്തോഷവാർത്ത! കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക നിരക്ക് ഈടാക്കില്ല

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാൽ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തും. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. 

രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വില നിലവിൽ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ്. വരും മാസങ്ങളിൽ ഇത് 40-43 രൂപയിൽ തുടരാനാണ് സാധ്യത. പഞ്ചസാര ഉത്പാദനം വർധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി കഴിഞ്ഞ 5 വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപയാണ് സർക്കാർ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചത്. വീണ്ടും കയറ്റുമതി കൂട്ടുന്നതോടെ രാജ്യത്തെ പഞ്ചസാര വില ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

Read Also: ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ല, റവന്യൂ സെക്രട്ടറി

click me!