സംസ്ഥാനത്തിന്‍റെ വളര്‍ച്ചാ നിരക്ക് കൂടി: 7.5 ശതമാനം, കാര്‍ഷിക വളര്‍ച്ച താഴേക്ക്

By Asianet MalayalamFirst Published Feb 6, 2020, 1:55 PM IST
Highlights

ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തു വിട്ടു. 2018-19 വര്‍ഷത്തില്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി. 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍ വച്ചു. സംസ്ഥാനത്തിന്‍റെ വളര്‍ച്ചാ നിരക്ക് കൂടിയതായി അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

2018-19 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ വളര്‍ച്ചാ നിരക്ക് കൂടിയെന്നും 2018-19 വര്‍ഷത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനമായെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു,  ദേശീയതലത്തില്‍ വളര്‍ച്ച നിരക്ക് 6.9 ശതമാനമാണ്. 2018-19 വര്‍ഷത്തില്‍ 3.45 കോടിയായി ധനകമ്മിയായി രേഖപ്പെടുത്തിയിട്ടുള്ളത്. 

ചെറുകിട വ്യവസായം, ഐടി എന്നീ മേഖകളില്‍ ഈ കാലഘട്ടത്തില്‍ കുതിപ്പുണ്ടായി. ഏറ്റവും  വേഗതയില്‍ വളര്‍ന്നത് വ്യവസായ മേഖലയാണ് 8.8 ശതമാനം. ഇതില്‍ പൊതുമേഖലയുടെ വളര്‍ച്ചയും പ്രധാനഘടകമായി.  2018- 19ൽ മാത്രം 13.2 ശതമാനം വളര്‍ച്ചയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നേടിയത്.

മൂന്ന് വര്‍ഷമായി വ്യവസായരംഗത്തുണ്ടായ വാര്‍ഷിക വളര്‍ച്ചയാണ് 8.8. അതേസമയം കാര്‍ഷിക മേഖലയില്‍ വളര്‍ച്ച താഴേക്കാണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയവും നാണ്യവിളകളുടെ വിലതകര്‍ച്ചയുമാണ് ഇതിനു കാരണമായി പറയുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വില കാര്യമായി കൂടിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയിലാണ് പ്രധാനമായും കുതിച്ചു കയറ്റമുണ്ടായത്. 

സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്‍റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 2018-19ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം. അതേസമയം സംസ്ഥാനത്തിന്‍റെ നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയിൽ നിന്നു മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9264.66 കോടി രൂപ വരുമാനം ലഭിച്ചു. 

click me!